എടപ്പാൾ : ഇനി വട്ടംകുളം പഞ്ചായത്തിൽ എല്ലായിടങ്ങളിലും ആരോഗ്യ ശുചിത്വ പരിശോധനയും തുടർ നടപടികളും സ്ഥിരമായി ഉണ്ടാവും. ഇതുവരെ വല്ലപ്പോഴും പേരിന് മാത്രമായിരുന്നു പരിശോധന. കൃത്യമായ പരിശോധനയും നടപടിയും കൈക്കൊണ്ട് പഞ്ചായത്തിനെ ശുചിത്വ മേഖലയിൽ മുൻപിലെത്തിക്കുകയാണ് ലക്ഷ്യം.ഇതിനായി പ്രത്യേക സംഘവും വാഹനവും സജ്ജമാക്കി. പൊതുജനാരോഗ്യ നിയമം ഫലപ്രദമായി നടപ്പാക്കുന്നതിനായാണ് വട്ടംകുളം ഗ്രാമപ്പഞ്ചായത്ത് ഇത്തരമൊരു പദ്ധതി ആവിഷ്‌കരിച്ചത്. പ്രതിവാര പൊതുജനാരോഗ്യ ശുചിത്വ പരിശോധന പരിപാടിയായ സേഫ് വട്ടംകുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് എം.എ. നജീബ് ഉദ്ഘാടനംചെയ്തു.
വൈസ് പ്രസിഡൻറ് ഫസീല സജീബ് അധ്യക്ഷയായി. പഞ്ചായത്ത് പരിധിയിൽ ആരോഗ്യ ശുചിത്വ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്നുറപ്പാക്കാനായി എല്ലാ ആഴ്ചയും പബ്ലിക് ഹെൽത്ത് എൻഫോഴ്സ്മെൻറ് സ്ക്വാഡ് പരിശോധന നടത്തും. ഭക്ഷണശാലകൾ, അതിഥിത്തൊഴിലാളി വാസസ്ഥലങ്ങൾ, പൊതു ഇടങ്ങൾ എന്നിവിടങ്ങളിലാണ് ആരോഗ്യവകുപ്പ്, പഞ്ചായത്ത്, ഭക്ഷ്യ സുരക്ഷാ വകുപ്പ് എന്നിവരെല്ലാമുൾപ്പെടുന്ന സംഘം പരിശോധന നടത്തുക.ഉദ്ഘാടനത്തിനു ശേഷം നടത്തിയ ശുചിത്വ പരിശോധന പരിപാടിയിൽ മാലിന്യം അശ്രദ്ധമായി കൈകാര്യം ചെയ്ത ക്വാർട്ടേഴ്സ് ഉടമയ്ക്കും ഹെൽത്ത് കാർഡ്, കുടിവെള്ള പരിശോധന റിപ്പോർട്ട് എന്നിവ കാണിക്കാത്ത ചപ്പാത്തി കമ്പനിക്കും പിഴ ചുമത്തി.