എസ്‌എസ്‌എല്‍സി പൊതുപരീക്ഷയുടെ മൂല്യനിർണയം പൂർത്തിയായി. ഇതോടെ മെയ് രണ്ടാം വാരം എസ്‌എസ്‌എല്‍സി ഫലം പ്രഖ്യാപിക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി സമൂഹമാധ്യമ പോസ്റ്റിലൂടെ അറിയിച്ചു.അതേസമയം പ്ലസ് ടു ഫലം എന്ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പോസ്റ്റില്‍ വ്യക്തമാക്കിയില്ല. മെയ് പത്താം തീയതി വരെയാണ് ഹയർ സക്കൻഡറി മൂല്യനിർണയം നടക്കുന്നത്.“എസ് എസ് എല്‍ സി പരീക്ഷാഫലം മെയ് രണ്ടാം വാരം പ്രഖ്യാപിക്കും. ഇതിനുള്ള പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. ഹയർസെക്കൻഡറി പരീക്ഷാഫലം സംബന്ധിച്ചുള്ള കാര്യങ്ങള്‍ പിന്നീട് പ്രഖ്യാപിക്കും” വിദ്യാഭ്യാസ മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.മാർച്ച് മാസത്തിലായിരുന്നു എസ്‌എസ്‌എല്‍സി ഹയർ സക്കൻഡറി പരീക്ഷ സംഘടിപ്പിച്ചത്. ഏപ്രില്‍ ആദ്യ വാരം ആരംഭിച്ച എസ്‌എസ്‌എല്‍സി മൂല്യനിർണയം രണ്ട് ഘട്ടങ്ങളിലായിട്ടാണ് പൂർത്തിയാക്കിയിരിക്കുന്നത്. മൂല്യനിർണയം പൂർത്തിയായതോടെ അവസാനഘട്ടമായ ടാബുലേഷൻ നടപടികള്‍ക്ക് തുടക്കമായി. നേരത്തെ മെയ് ഒമ്ബതാം തീയതി എസ്‌എസ്‌എല്‍സി ഫലം പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു.
ഗ്രേസ് മാർക്ക് വർധിപ്പിച്ചു:ഇത്തവണ വിദ്യാർഥികള്‍ക്കായിട്ടുള്ള ഗ്രേസ് മാർക്ക് വിദ്യാഭ്യാസ വകുപ്പ് വർധിപ്പിച്ചുണ്ട്. നിലവില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ആദ്യ നാല് സ്ഥാനക്കാർക്കാണ് എസ്‌എസ്‌എല്‍സി, എച്ച്‌എസ്‌എസ്, വിഎച്ച്‌എസ്സി പരീക്ഷകളില്‍ ഗ്രേസ് മാർക്ക് നല്‍കുന്നത്. സംസ്ഥാനതലത്തില്‍ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന മത്സരങ്ങളില്‍ മാത്രമല്ല സ്പോർട്സ് കൗണ്‍സില്‍ അംഗീകരിച്ച അസോസിയേഷനുകള്‍ നടത്തുന്ന മത്സരങ്ങളില്‍ വിജയിക്കുന്നവർക്കും ഇത് ബാധകമാണ്. ഈ മത്സരങ്ങളില്‍ വിജയിക്കുന്ന ആദ്യ നാല് സ്ഥാനക്കാർക്ക് യഥാക്രമം 20, 17, 14, 7 എന്നിങ്ങനെയാണ് ഗ്രേസ് മാർക്ക് ലഭിച്ചിരുന്നത്. ഇനി അഞ്ച് മുതല്‍ എട്ട് വരെ സ്ഥാനക്കാർക്ക് യഥാക്രമം 8, 6, 4, 2 മാർക്ക് വീതവും ലഭിക്കും.
കൂടാതെ, സ്‌കൂള്‍ സോഷ്യല്‍ സർവീസ് സ്‌കീമില്‍ എ ഗ്രേഡ് ലഭിക്കുന്നവർക്ക് 25 മാർക്കും, ബി ഗ്രേഡിന് 15 മാർക്കും, സി ഗ്രേഡിന് 10 മാർക്കും ലഭിക്കുന്നതാണ്. അതേസമയം, അന്തർ ദേശീയ, ദേശീയ മത്സരങ്ങളില്‍ വിജയിക്കുന്നവർക്ക് നിലവില്‍ ഉള്ള ഗ്രേസ് മാർക്ക് തുടരും. എസ്‌എസ്‌എല്‍സി, ഹയർ സെക്കൻഡറി പരീക്ഷകളില്‍ 90 ശതമാനമോ അതിന് മുകളിലോ നേടുന്നവർക്ക് ഗ്രേസ് മാർക്ക് ആനുകൂല്യം ലഭിക്കില്ല.എസ്‌എസ്‌എല്‍സി ഗ്രേസ് മാർക്കിനായി എട്ടാം ക്ലാസ് സർട്ടിഫിക്കറ്റ് വെച്ചാണ് അപേക്ഷിക്കുന്നതെങ്കില്‍ ഒമ്ബതിലും പത്തിലും ജില്ലാ മത്സരങ്ങളിലെങ്കിലും പങ്കെടുത്തിരിക്കണം. ഒമ്ബതാം ക്ലാസിലെ സർട്ടിഫിക്കറ്റ് വെച്ച് അപേക്ഷിക്കുന്നവർ പത്താം ക്ലാസില്‍ ജില്ലാ മത്സരത്തിലെങ്കിലും പങ്കെടുത്തിരിക്കണം.