തിരൂർ : ലഹരി വിരുദ്ധ കാംപെയിന്റെ ഭാഗമായി കുട്ടികൾക്കായി നാടകലഹരി എന്ന പേരിൽ രണ്ടു ദിവസത്തെ നാടക പരിശീലനക്കളരി സംഘടിപ്പിച്ചു. തിരൂർ സർക്കിൾ സഹകരണ യൂണിയന്റെയും തിരൂർ സാംസ്കാരിക സഹകരണ സംഘത്തിന്റെയും നേതൃത്വത്തിൽ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ സഹകരണത്തോടെയാണ് നാടകക്കളരി സംഘടിപ്പിച്ചത്. തിരൂർ ജിഎംയുപി സ്കൂളിലെ നാടകക്കളരിയിൽ താലൂക്കിലെ ഗ്രന്ഥശാലകളിൽ നിന്ന് പത്തു മുതൽ 17 വയസ്സുവരെയുള്ളവർ പങ്കെടുത്തു. ശരത് പ്രകാശ്, ഷെഹിം, സുധർമ്മ എന്നിവരാണ് പരിശീലകർ. തിരൂർ സബ് കളക്ടർ ദിലീപ് കെ. കൈനിക്കര ഉദ്ഘാടനംചെയ്തു. സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്റ്റർ എ.പി. പ്രഭാഷ് അധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എ. ശിവദാസൻ, തിരൂർ സർക്കിൾ സഹകരണ യൂണിയൻ അംഗം എ.കെ. അബ്ദുൽ ഹമീദ്, തിരൂർ അർബൻ ബാങ്ക് ഡയറക്ടർ അഡ്വ. പി. ഹംസക്കുട്ടി, തിരൂർ സാംസ്കാരിക സഹകരണസംഘം പ്രസിഡന്റ് അഡ്വ. രാജേഷ് പുതുക്കാട്, വൈസ് പ്രസിഡന്റ് സജി സോമനാഥ് എന്നിവർ സംസാരിച്ചു.
കാൽപ്പന്തുകളി ലഹരിയാക്കി മാവണ്ടിയൂർ ബ്രദേഴ്‌സ് സ്‌കൂൾ