എടപ്പാൾ : ദേശീയ പാതയോരത്തെ പുറമ്പോക്കിൽ പതിറ്റാണ്ടുകളായി വീടുവെച്ചു കഴിഞ്ഞ കുടുബങ്ങൾക്ക് ഒടുവിൽ പട്ടയമാകുന്നു.കെ.ടി. ജലീൽ എംഎൽഎ അടക്കമുള്ള ജനപ്രതിനിധികളുടെയും റവന്യൂ ഉദ്യോഗസ്ഥരുടെയും നിരന്തരശ്രമമാണ് ഇപ്പോൾ പരിഹാരത്തിലെത്തിയത്.60 വർഷം മുൻപ് ദേശീയപാത വളവു നികത്തിയപ്പോൾ നരിപ്പറമ്പ് മേഖലയിൽ ഉപയോഗമില്ലാതെ കിടന്ന പഴയ റോഡിനോടു ചേർന്നുള്ള ഭൂമിയിൽ വീടുകെട്ടി താമസിച്ച കുടുംബങ്ങൾക്കാണ് പട്ടയംനൽകാൻ സർക്കാർ ഉത്തരവായത്. പൊന്നാനി ബ്ലോക്ക് പഞ്ചായത്തംഗം ഇ.കെ. ദിലീഷടക്കമുള്ള ജനപ്രതിനിധികൾ ഇതുസംബന്ധിച്ച് നടത്തിയ പ്രവർത്തനത്തെത്തുടർന്ന് ലാൻഡ് റവന്യൂ കമ്മിഷണർ നൽകിയ റിപ്പോർട്ടാണ് ഇപ്പോൾ സർക്കാർ അംഗീകരിച്ചത്.അന്നത്തെ ദേശീയപാതയും ഇപ്പോഴത്തെ പാതയും തമ്മിൽ 500 മീറ്റർ അകലമുള്ളതിനാൽ ഇവർ താമസിക്കുന്നസ്ഥലം പാതയ്ക്കാവശ്യമില്ലെന്ന് ദേശീയപാത അതോറിറ്റി റിപ്പോർട്ട് നൽകിയിരുന്നു.
പൊന്നും വിലക്കെടുത്ത ഭൂമിയായതിനാൽ വിലകെട്ടി സർക്കാരിനു നൽകാമെന്നായിരുന്നു ഇവരുടെ ആദ്യനിലപാടെങ്കിലും പിന്നീട് അതിൽനിന്ന് പിൻമാറി.ഇതോടെയാണ് 45 വർഷമായി ഇവിടെ വീടുവെച്ച് താമസിക്കുന്ന കുടുംബങ്ങൾക്ക് രണ്ടു റീസർവേകളിലായിക്കിടക്കുന്ന 0.1235, 0.1513 ഹെക്ടർ ഭൂമിയിലെ താമസക്കാർക്ക് പട്ടയം നൽകാൻ തീരുമാനിച്ചത്.ഈ ഭൂമി സർക്കാർ സവിശേഷാധികാരമുപയോഗിച്ച് ഇനംമാറ്റി തരിശാക്കി നൽകും. പിന്നീട് അർഹതയുടെ അടിസ്ഥാനത്തിൽ കൈവശക്കാർക്ക് ജില്ലാകളക്ടറാണ് പതിച്ചു നൽകുക.വർഷങ്ങളായി താമസിക്കുന്ന ഭൂമിക്ക് രേഖയില്ലാത്തതിനാൽ വായ്പയോ സർക്കാർ ആനുകൂല്യങ്ങളോ ലഭിക്കാതെ പ്രയാസപ്പെട്ടവർക്ക് കിടപ്പാടം സ്വന്തമാകുകയാണ്.
ശേഷിക്കുന്നു ഇനിയും പ്രശ്‌നങ്ങൾ:എടപ്പാൾ : ദേശീയപാത പുറമ്പോക്കിലെ കുടുംബങ്ങൾക്ക് പട്ടയമായെങ്കിലും പൊന്നാനി താലൂക്കിലെ പട്ടയപ്രശ്‌നത്തിൽ ഇനിയും തീരാത്ത നൂലാമാലകളുണ്ട്.എടപ്പാൾ ഗ്രാമപ്പഞ്ചായത്തിലെ ഉദിനിക്കര നെഹ്‌റു കോളനി, മുല്ലമാട് കായൽ കോൾ, തവനൂർ നേഡറ്റ് പുഴ പുറമ്പോക്ക്, ഈഴുവത്തിരുത്തി പുഴ പുറമ്പോക്ക്, കണ്ടനകം എസ്‌സി കോളനി, ചേലക്കടവ് മിച്ചഭൂമി, പത്തിരുമ്മൽ കോളനി, വെളിയങ്കോട് ശ്രീലങ്കൻ കോളനി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം നൂറുകണക്കിന് കുടുംബങ്ങൾ പട്ടയം കിട്ടാനായി കാത്തുകഴിയുന്നു. ഇതിൽ കണ്ടനകത്തെ പ്രശ്‌നത്തിൽ പട്ടയം നൽകിയെങ്കിലും കൈവശക്കാർക്ക് കിട്ടിയില്ലെന്നതാണു പ്രശ്‌നം. പകർപ്പും കിട്ടിയില്ല.