പൊന്നാനി : ചമ്രവട്ടം ജങ്ഷനിലെ ബെവറജസ് മദ്യവില്പനശാല എടപ്പാൾ-പൊന്നാനി പാതയിലെ പുഴമ്പ്രത്തെ കെട്ടിടത്തിലേക്ക് മാറ്റിസ്ഥാപിച്ചത് വൻ വിവാദത്തിനും പ്രതിഷേധത്തിനും തിരികൊളുത്തി. ഒരാഴ്ചയായി പുഴമ്പ്രം സംഘർഷഭരിതമാണ്.സൗകര്യപ്രദമായ കെട്ടിടത്തിലേക്ക് ഔട്ട്‌ലെറ്റ് മാറ്റി സ്ഥാപിക്കുകയെന്നത് സർക്കാർ നയമാണ്. പ്രതിഷേധ സാധ്യതയുള്ളതിനാൽ അതീവ രഹസ്യമായാണ് പലയിടത്തും ഔട്ട്‌ലെറ്റ് തുടങ്ങാറുള്ളത്.ഭരണമുന്നണിയും എംഎൽഎയും പരസ്യമായി ഔട്ട്‌ലെറ്റിനെതിരേ നിലപാട് സ്വീകരിച്ച് സമരത്തിനിറങ്ങിയിരിക്കുകയാണ്. അനുമതിപത്രം ഇല്ലാതെയാണ് ഔട്ട്‌ലെറ്റ് പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചതെന്നാണ് സമരക്കാരുടെ പ്രധാന ആയുധം. ആരാധനാലയങ്ങൾ ഉൾപ്പെടുന്ന ജനവാസ കേന്ദ്രത്തിൽ മദ്യവില്പനശാല അനുവദിക്കില്ലെന്ന നിലപാടും സമരക്കാർക്കുണ്ട്.
ആദ്യനാളുകളിൽ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ ഔട്ട്‌ലെറ്റിനെതിരേ സമരം പ്രഖ്യാപിച്ചെങ്കിലും രാഷ്ട്രീയപ്പാർട്ടികളുടെ ചേരിതിരിഞ്ഞുള്ള സമരത്തിനാണിപ്പോൾ സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്.എംഎൽഎയും നഗരസഭാ അധികൃതരും ബെവ്‌കോ ഔട്ട്‌ലെറ്റിന്റെ മാറ്റം അറിഞ്ഞില്ലെന്നതാണ് സിപിഎമ്മിനെ ഏറെ പ്രകോപിപ്പിച്ചത്. ഔട്ട്‌ലെറ്റ് പൂട്ടിക്കാൻ ആദ്യം രംഗത്തിറങ്ങിയത് സിപിഎമ്മാണ്.പ്രവർത്തിക്കാൻ ആവശ്യമായ എല്ലാ രേഖകളും ശരിയാക്കിയശേഷമാണ് ഔട്ട്‌ലെറ്റ് മാറ്റി സ്ഥാപിച്ചിട്ടുള്ളതെന്നാണ് ബെവ്‌കോ അധികൃതരുടെ നിലപാട്. അതുകൊണ്ടുതന്നെ പോലീസ് കാവലിൽ മദ്യവില്പന തുടരുകയാണ്.എന്നാൽ, സമരം രാഷ്ട്രീയപ്പാർട്ടികൾ ഏറ്റെടുത്തതോടെ ദിവസവും പ്രതിഷേധത്തിന്റെ സ്വഭാവം മാറുകയാണ്.മദ്യശാലയ്ക്കുനേരേ പെട്രോൾ ബോംബ് എറിയുന്നതിൽവരെ കാര്യങ്ങളെത്തി.
ദിവസവും രാവിലെ ഔട്ട്‌ലെറ്റിനുമുൻപിൽ സമരമാണ്. തിങ്കളാഴ്ച മദ്യവില്പനശാല പൂട്ടിക്കുമെന്ന് സിപിഎം പരസ്യമായി പ്രഖ്യാപിച്ചിരുന്നു. രാവിലെ മദ്യവില്പനശാല തുറക്കാൻ അനുവദി ക്കാതെയായിരുന്നു സമരം. എന്നാൽ, സമരക്കാരെ അറസ്റ്റുചെയ്ത് നീക്കിയശേഷം മദ്യവില്പന ആരംഭിച്ചു. തുടർച്ചയായ സമരങ്ങളും സംഘർഷങ്ങളും ബെവ്‌കോ അധികൃതരെ ആശങ്കയിലാക്കിയിട്ടുണ്ട്. പ്രവർത്തനം നിർത്തിവെക്കാൻ ഉന്നതങ്ങളിൽനിന്ന് സമ്മർദമുണ്ട്. പ്രതിഷേധം കെട്ടടങ്ങുമെന്ന പ്രതീക്ഷയിലാണ് മദ്യവില്പനയുമായി ബെവ്‌കോ അധികൃതർ മുന്നോട്ടുപോകുന്നത്. സമരം ക്രമസമാധാന പ്രശ്നങ്ങളിലേക്ക് മാറുന്നത് കണക്കിലെടുത്ത് പുതിയെ കെട്ടിടത്തിലെ മദ്യവില്പന തത്കാലം നിർത്തിവെക്കാൻ സർക്കാർ നിർദേശം നൽകുമെന്നാണ് സൂചന.
നഗരസഭയ്ക്ക് അടച്ചുപൂട്ടാനാവില്ല:മാറ്റിസ്ഥാപിച്ച ബെവ്‌കോ ഔട്ട്‌ലെറ്റ് അടച്ചുപൂട്ടുന്നതിന് നിർദേശം നൽകാൻ നഗരസഭയ്ക്ക് പരിമിതിയുണ്ട്. ജനകീയ പ്രക്ഷോഭം കണക്കിലെടുത്ത് നിലവിലെ കേന്ദ്രത്തിൽനിന്ന് ഔട്ട്‌ലെറ്റ് മാറ്റി സ്ഥാപിക്കണമെന്നാണ് നഗരസഭയുടെ നിലപാട്. ജനവാസ കേന്ദ്രത്തിലെ മദ്യവില്പനശാലയ്ക്കെതിരേ നഗരസഭാ കൗൺസിൽയോഗം പ്രമേയം പാസാക്കുകയും ഇക്കാര്യത്തിൽ അനുകൂല നടപടി സ്വീകരിക്കാമെന്ന വകുപ്പ് മന്ത്രി ഉൾപ്പെടെയുള്ളവരിൽനിന്ന് ഉറപ്പ് ലഭിക്കുകയുംചെയ്തിട്ടുണ്ട്.ശിവദാസ് ആറ്റുപുറം, അധ്യക്ഷൻ, പൊന്നാനി നഗരസഭ