തിരൂർ : മലയാളസർവകലാശാലയ്ക്ക് കെട്ടിടം പണിയാൻ തുഞ്ചൻ സ്‌മാരക ഗവ. കോളേജിന്റെ സ്ഥലം നൽകണമെന്ന ആവശ്യമുയർന്നതോടെ പരാതിയും പ്രതിഷേധവുമായി സംഘടനകൾ. സർവകലാശാലയ്ക്കായി മാങ്ങാട്ടിരിയിൽ വാങ്ങിയ സ്ഥലത്ത് കണ്ടൽക്കാടും വെള്ള ക്കെട്ടു മുള്ളതിനാൽ കെട്ടിടം പണിയാൻ യോഗ്യമല്ലാത്തതിനാൽ തുഞ്ചൻ കോളേജിന്റെ അഞ്ചേക്കർ സ്ഥലംകൂടി ലഭ്യമാക്കി കെട്ടിടം പണിയാനായിരുന്നു ശ്രമം. ഇതിപ്പോൾ പ്രതിസന്ധിയിലായി.കെ. ജയകുമാർ വൈസ്‌ചാൻസലറായിരിക്കെ മലയാള സർവകലാശാലയ്ക്ക് താത്കാലിക കെട്ടിടം പണിയാൻ തുഞ്ചൻ കോളേജിന്റെ സ്ഥലം വിട്ടുനൽകിയിരുന്നു. സ്വന്തമായി സ്ഥലവും കെട്ടിടവുമായാൽ ഈ സ്ഥലവും കെട്ടിടവും തിരിച്ചേൽപ്പിക്കാമെന്നും അന്ന് രേഖാമൂലം വ്യവസ്ഥ ചെയ്തിരുന്നു.
എന്നാലിപ്പോൾ മലയാളസർവകലാശാലയ്ക്ക് കെട്ടിടം പണിയാൻ ഉപയോഗപ്രദമായ സ്ഥലം ലഭ്യമല്ലാത്തതിനാലാണ് ഈ സ്ഥലം ആവശ്യപ്പെട്ടത്.സ്ഥലം വിട്ടുനൽകിയാൽ കോളേജിന്റെ സ്ഥലം പത്തേക്കറായി ചുരുങ്ങുമെന്നാണ് വാദം. കിഫ്‌ബി ഫണ്ടായ 10.4 കോടി ചെലവിൽ കോളേജിന് മൂന്നുനിലക്കെട്ടിടം നിർമിക്കാനുള്ള നീക്കം ഇതോടെ മുടങ്ങുമെന്നും ബാക്കിയുള്ള കളിസ്ഥലം നൽകിയാൽ കുട്ടികൾക്ക് കളിസ്ഥലം നഷ്ടപ്പെടുമെന്നുമാണ് കോളേജിന്റെ വാദം. കഴിഞ്ഞ ബജറ്റിൽ കോളേജിന് വനിതാ ഹോസ്റ്റലിന് നാലുകോടി രൂപ അനുവദിച്ച കെട്ടിടം പണിയാനും സ്ഥലമുണ്ടാകില്ലെന്നും പറയുന്നു.