തിരൂർ : കോഴിക്കോട് മാങ്കാവിൽ നിന്ന് ജസീന, മംഗലത്ത് നിന്ന് ശരത് കുമാർ, കൊണ്ടോട്ടിയിൽ നിന്ന് ഖദീജ, എറണാകുളത്തു നിന്ന് അഹമ്മദ് ഫയാസ്, ചേന്നര നിന്ന് മാലിക്ക്…അങ്ങനെയങ്ങനെ ആയിരത്തോളം പേരാണ് അത്യപൂർവമായ ഈ സൗഹൃദത്തണലിലേക്ക് എത്തിയത്. ചിലർ ചക്രക്കസേരയിലായിരുന്നു. ചിലരെ തോളിലെടുത്താണ് ഹാളിലേക്ക് കൊണ്ടുവന്നത്.ശാരീരിക വെല്ലുവിളികൾ വകവെക്കാതെ ഇണയെ തേടി, തുണ തേടി അവരെത്തി. ഭിന്നശേഷിക്കാർക്ക് വധൂവരന്മാരെ കണ്ടെത്താൻ തണൽമരം ഫൗണ്ടേഷനാണ് തിരൂർ പൂഴിക്കുന്ന് കൈരളി ഓഡിറ്റോറിയത്തിൽ സംസ്ഥാനതല ഭിന്നശേഷി മഹാസംഗമം സംഘടിപ്പിച്ചത്. 600 ഭിന്നശേഷിക്കാർ രജിസ്റ്റർചെയ്തിരുന്നു. ആകെ ആയിരത്തോളം ഭിന്നശേഷിക്കാരും കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.60 പേരുടെ വിവാഹം ബന്ധുക്കൾ തമ്മിൽ ചർച്ച ചെയ്തു തീരുമാനിച്ചു.

തണൽമരം ഫൗണ്ടേഷൻ ഇതിനകം എറണാകുളം, താനൂർ, തിരൂർ എന്നിവിടങ്ങളായി ഭിന്നശേഷിക്കാരുടെ വിവാഹത്തിനായി നാല് മഹാസംഗമങ്ങൾ നടത്തിയിട്ടുണ്ട്. മൂന്നു സംഗമങ്ങളിലായി 410 പേർക്ക് വിവാഹങ്ങളിൽ തീരുമാനമാകുകയും 180 വിവാഹങ്ങൾ നടക്കുകയുംചെയ്തു.ഭിന്നശേഷിക്കാരെ സഹായിക്കാൻ തണൽമരം പ്രവർത്തകർക്കൊപ്പം ടിഡിആർ എഫ്, ട്രോമ കെയർ വൊളന്റിയർമാരും നാട്ടുകാരുമുണ്ടായിരുന്നു. ചടങ്ങിനെത്തിയവർക്ക് നാട്ടുകാരുടെ സഹകരണത്തോടെ ഭക്ഷണവും വെള്ളവും നൽകി.സംസ്ഥാനസംഗമം കുറുക്കോളി മൊയ്തീൻ എംഎൽഎ ഉദ്ഘാടനംചെയ്തു.തണൽമരം ഫൗണ്ടേഷൻ ചെയർമാൻ മുസ്തഫ കളത്തിങ്ങൽ അധ്യക്ഷതവഹിച്ചു. ഫൗണ്ടേഷൻ സെക്രട്ടറി എ.പി സുബ്രഹ്മണ്യൻ, സമീർ മച്ചിങ്ങൽ, കബീർ പാലത്തിങ്ങൽ, ഷംനാദ് കൊല്ലം, അബിസിനാൽ ഫൈസി വെന്നിയൂർ,നടയറ ജാബർ, അസീസ് മഞ്ചേരി , കെ. ജനചന്ദ്രൻ , നാസർ മനയിൽ, അബൂബക്കർ തിരൂർ തുടങ്ങിയവർ നേതൃത്വംനൽകി.

Related Post

Leave a Reply

Your email address will not be published. Required fields are marked *