തിരൂർ : തുർക്കി പാകിസ്താനെ സഹായിച്ചതിന്റെ പശ്ചാത്തലത്തിൽ തുർക്കിയുടെ ആപ്പിൾ ഇന്ത്യയിലെ വ്യാപാരികൾ ബഹിഷ്കരിച്ചു. ഇതോടെ മലപ്പുറത്തെ പഴവിപണിയിൽനിന്ന് തുർക്കിയുടെ ആപ്പിൾ അപ്രത്യക്ഷമായി. തുർക്കി ആപ്പിളിന് കേരളത്തിൽ പ്രത്യേകിച്ച് മലപ്പുറത്ത് നല്ല ഡിമാൻഡായിരുന്നു. റംസാൻ കാലത്ത് ഒരു മാസം തിരൂർ മേഖലയിൽ മാത്രം ശരാശരി ഒരു കോടിയോളം രൂപയുടെയും ജില്ലയിലാകെ ആറുകോടിയോളം രൂപയുടെയും തുർക്കി ആപ്പിൾ വിറ്റഴിച്ചതായാണ് കണക്ക്.
നോമ്പുകാലത്ത് വിലക്കുറവ് ഇറാന്റെ ആപ്പിളിനായിരുന്നു. കിലോക്ക് 80 രൂപ വിലയായിരുന്നു അന്ന്. ഇത് കൂടുതൽ ചെലവഴിക്കപ്പെട്ടു. ഇന്ന് ഇറാൻ ആപ്പിൾ വിപണിയിലില്ല. തുർക്കി ആപ്പിൾ ബഹിഷ്കരണത്തെത്തുടർന്ന് പോളണ്ടിന്റെയും ന്യൂസീലൻഡിന്റെയും ആപ്പിളിന് പഴവിപണിയിൽ വൻ ഡിമാൻഡായിട്ടുണ്ട്. പോളണ്ട് ആപ്പിളിന് കിലോയ്ക്ക് 220, ന്യൂസീലൻഡിന്റെ ഗാല ആപ്പിളിന് 260, ദക്ഷിണാഫ്രിക്കൻ ആപ്പിളിന് 280 എന്നിങ്ങനെയാണ് വില. ഇറ്റലിയുടെ ആപ്പിൾ-230 രൂപ, ഫ്രാൻസ് ആപ്പിൾ- 240 രൂപ, ബ്രസീൽ- 250 രൂപ, അമേരിക്കൻ ഗ്രീൻ ആപ്പിൾ- 280 രൂപ.
വിദേശ ആപ്പിളുകളുടെ കാലം: ഇന്ത്യൻ ആപ്പിളുകളുടെ സീസൺ കഴിഞ്ഞതിനാൽ വിദേശ ആപ്പിളുകളാണ് മാർക്കറ്റിലുള്ളത്. ഓഗസ്റ്റോടെ ഇന്ത്യൻ ആപ്പിളിന്റെ വിപണി സജീവമാകും. തുർക്കി ആപ്പിളൊഴിച്ച് ബാക്കി രാജ്യങ്ങളുടെ ആപ്പിൾ വിപണിയിൽ സജീവമാണ്.