എടപ്പാൾ : കർഷകരെ സഹായിക്കാനായി സർക്കാർ ആരംഭിച്ച നെല്ലുസംഭരണം കർഷകർക്കുതന്നെ വിനയാകുന്നു. കൊയ്തുവെച്ച നെല്ല് കൊണ്ടുപോകാനും കൊണ്ടു പോയതിന്റെ പണം കിട്ടാനുമുള്ള കാത്തിരിപ്പാണ് കർഷകരെ കൃഷിയിൽനിന്നുതന്നെ അകറ്റുന്നത്.
മുണ്ടകന്റെ പണം ഇപ്പോഴും കൈയിലെത്തിയില്ല:പ്രദേശത്തെ വിവിധ പാടശേഖരങ്ങളിലെ ഏക്കർകണക്കിന് വയലുകളിലെ മുണ്ടകൻ കൃഷിയുടെ നെല്ല് സംഭരിച്ച് മാസങ്ങളായെങ്കിലും നിരവധി കർഷകർക്ക് ഇപ്പോഴും പണം കിട്ടിയിട്ടില്ല. കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ സംഭരിച്ച് കനറാ ബാങ്കിലേക്ക് പിആർഎസ് നൽകിയ കർഷകരാണ് ബാങ്കുകളിൽ കയറിയിറങ്ങി അലയുന്നത്. എസ്ബിഐയിൽ അക്കൗണ്ടെടുത്തവർക്കെല്ലാം പണം ലഭിച്ചെങ്കിലും കനറാ ബാങ്കുമായുള്ള കരാർ കാലാവധി അവസാനിച്ചതാണ് ഇതിനു കാരണമായത്.
ഇപ്പോൾ ഇത് പുതുക്കിയിട്ടുണ്ടെങ്കിലും ആർക്കും പണം ലഭിച്ചിട്ടില്ല. പൊറൂക്കര, മാണൂർ പാടശേഖരങ്ങളിൽ 1000 കിലോ മുതൽ നെല്ല് നൽകിയ കർഷകരാണ് പതിനായിരങ്ങളും ലക്ഷങ്ങളും കിട്ടാതെ പ്രയാസത്തിലായത്. വിരിപ്പ് കൃഷിക്ക് വിത തുടങ്ങി കർഷകർ വയലിലിറങ്ങാനാകാതെ പ്രയാസത്തിലാണ്.ആദ്യ കൃഷിയുടെ പണം ലഭിച്ചാണ് പലരും അടുത്ത പുതലിനുള്ള വഴി കണ്ടെത്തുക. കഴിഞ്ഞ സീസണിൽ വളവും മറ്റും വാങ്ങിയ കടകളിൽ പല കർഷകരും 50,000 രൂപവരെയൊക്കെ കൊടുക്കാൻ ബാക്കിയാണ്. ആഭരണം പണയംവെച്ചും കടം വാങ്ങിയുമൊക്കെയാണ് ചിലർ കൃഷിചെയ്തിരുന്നത്.
വട്ടംകുളം, ശുകപുരം, കവുപ്ര, തൈക്കാട്, പോട്ടൂർ, കാന്തള്ളൂർ, നെല്ലേക്കാട് തുടങ്ങിയ പാടശേഖരങ്ങളിലെ കർഷകർക്കെല്ലാം ലക്ഷങ്ങൾ കിട്ടാനുണ്ട്. 10,000 മുതൽ നാലുലക്ഷം രൂപവരെ കിട്ടാനുള്ളവരുണ്ടിതിൽ.ഇതിനിടയിൽ ചില ബാങ്കുകാർ കർഷകരുടെ സിബിൽ സ്‌കോർ പരിശോധിക്കാനെന്ന പേരിൽ 59 രൂപവീതം പിടിക്കുന്നതായും പരാതിയുയർന്നു. കർഷകർ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ ഇത്തരം നിർദേശം നൽകിയിട്ടില്ലെന്നാണ് വിവരം ലഭിച്ചത്. കൂലിയിനത്തിലും മറ്റുമായി കർഷകർക്കു നൽകേണ്ട സബ്‌സിഡിയും കുടിശ്ശികയാണ്.
പുഞ്ചപ്പാടത്ത് കൊയ്ത നെല്ല് ചാക്കുകളിൽത്തന്നെ:പൊന്നാനി കോളിലെ വിവിധ പുഞ്ചപ്പാടങ്ങളിൽ ഒരുമാസത്തോളമായി കൊയ്തുവെച്ച നെല്ല് സംഭരണക്കാരെ കാത്ത് കെട്ടിവെച്ചിരിക്കുകയാണ്. 100 കിലോയ്ക്ക് ആറുകിലോ കിഴിച്ചുമാത്രമേ എടുക്കാനാകൂ എന്നാണ് മില്ലുകാരുടെ നിബന്ധന. ഇതിനു കർഷകർ തയ്യാറാല്ല.
മില്ലുകാർക്കും സാധിക്കുന്നില്ല:100 കിലോ നെല്ല് സംഭരിച്ചാൽ 68 കിലോ അരി സപ്ലൈകോയ്ക്ക് നൽകണമെന്നാണു നിബന്ധന. പതിരുകളഞ്ഞ് കാറ്റത്തിട്ട് 17 ശതമാനത്തിൽ താഴെ ഉണക്കമാക്കി നൽകാമെന്ന നിബന്ധനവെച്ചാണ് കർഷകർ സംഭരണത്തിനു കരാർ വെക്കുന്നതെങ്കിലും കൊയ്ത് അതേപോലെയാണ് ഇവിടെ നൽകുന്നത്. തൂക്കത്തിൽ ഇതു വലിയ വ്യത്യാസം വരുത്തും.പതിരുകളയലും കാറ്റത്തിടലുമെല്ലാമായാൽ സർക്കാരിന് 68 കിലോ നൽകാനാവില്ല. ഇതാണ് പ്രതിസന്ധിക്കു കാരണമെന്നാണ് മില്ലുടമകളുടെ വാദം.പാലക്കാട് ജില്ലയിലെല്ലാം ഈ നിബന്ധന പാലിച്ചാണ് നെല്ല് നൽകുന്നതെന്നും ഇവർ പറയുന്നു.
കാരണങ്ങൾ പലത്; നഷ്ടമെല്ലാം കർഷകന്:സംഭരണം വൈകാനും പണം നൽകാനും കാരണങ്ങൾ പലതാണെങ്കിലും എല്ലാറ്റിന്റെയും ഫലമനുഭവിക്കുന്നത് സാധാരണ കർഷകരാണ്. കർഷകർക്ക് ഉദ്ദേശിച്ച ഗുണം ലഭിക്കുന്നില്ല.കർഷകരുടെ പ്രയാസം മുതലെടുത്ത് മറ്റു മില്ലുകാർ തോന്നിയ വിലയ്ക്ക് നെല്ല് ശേഖരിച്ച് പണം റൊക്കം നൽകുന്നു.കിട്ടാനുള്ള പണത്തിന് മാസങ്ങൾ കാത്തിരിക്കുന്നതിനേക്കാൾ, അൽപ്പം കുറഞ്ഞാലും ആവശ്യത്തിനു പണം ലഭിക്കുമെന്ന ആശ്വാസമാണ് ഇവർക്ക്.
പൊന്നാനി കോളിൽ നെല്ല് കെട്ടിക്കിടക്കുന്നു:മുല്ലമാട്, നടുപോട്ട, കുണ്ടൻകുഴി, മാറാടി തുടങ്ങി വിവിധ പാടശേഖരങ്ങളിൽ കൊയ്ത നെല്ല് ഇപ്പോഴും സംഭരിച്ചിട്ടില്ല. ഒരുദിവസം 200 രൂപ നിരക്കിൽ വാടക നൽകി ടാർപോളിൻകൊണ്ട് മൂടിയിട്ടാണ് ഇത് മഴകൊണ്ട് മുളയ്ക്കാതെ സംരക്ഷിക്കുന്നത്. എത്രയും പെട്ടെന്ന് സർക്കാർ ഇടപെടലുണ്ടാകണമെന്ന് പൊന്നാനി മേഖലാ കർഷക കോൺഗ്രസ് നേതാക്കളായ ശ്രീകുമാർ പെരുമുക്ക്, ടി. കൃഷ്ണൻ നായർ, പി.കെ. അബ്ദുള്ളക്കുട്ടി, സി.വി. ഗഫൂർ എന്നിവർ ആവശ്യപ്പെട്ടു.