കുറ്റിപ്പുറം : മഴക്കാലത്തെ ഭയന്ന് കുറ്റിപ്പുറത്തെ ആറുവരിപ്പാതയോരത്ത് വൃദ്ധദമ്പതിമാർ താമസിക്കുന്നുണ്ട്. കൈലാസ് ഓഡിറ്റോറിയത്തിനു സമീപം താമസിക്കുന്ന വയ്യാട്ട് പുത്തൻവീട്ടിൽ ദാമോദരനും ഭാര്യ പത്മിനിയുമാണ് ഇവർ. ആറുവരിപ്പാതയുടെ നിർമാണ ത്തിനിടയിൽ ഇവരുടെ വീടിന്റെ മതിൽ മണ്ണുമാന്തിയന്ത്രം തട്ടി തകർന്നിട്ട് മാസങ്ങൾ കഴിഞ്ഞു.വേനലിൽ പെയ്ത മഴയിൽ തകർന്ന മതിലിന്റെ ഭാഗത്തുകൂടി റോഡിൽനിന്ന് ശക്തമായി ഒലിച്ചെത്തിയ മണ്ണും മഴവെള്ളവും വീടിന്റെ മുറ്റത്തും അകത്തും തീർത്ത ദുരിതങ്ങൾ ഈ കുടുംബത്തിന് താങ്ങാവുന്നതിന് അപ്പുറമായിരുന്നു. ഇനി ശക്തമായ മഴക്കാലം കൂടി വന്നാൽ എന്താവും അവസ്ഥയെന്ന ഭയപ്പാടിലാണിവർ.
മതിലിന്റെ പല ഭാഗങ്ങളും ഏതു നിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. മതിൽ തകർന്ന സമയത്തുതന്നെ ഇവർ കരാർ കമ്പനി ഉദ്യോഗസ്ഥരോട് തകർന്ന ഭാഗം പുനർനിർമിച്ചുതരണമെന്ന് ആവശ്യപ്പെടുകയും അത് ചെയ്തുനൽകാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയതുമാണ്. എന്നാൽ പിന്നീട് ഒന്നുമുണ്ടായില്ല. വൃദ്ധരായ ദമ്പതിമാർ പരിഹാരത്തിന് ഇതിനകം എൻഎച്ച്എഐ, പഞ്ചായത്ത് അധികൃതർ എന്നിവർക്ക് പലവട്ടം പരാതികൾ നൽകിയെങ്കിലും അധികൃതർ ആരും തിരിഞ്ഞുനോക്കിയിട്ടില്ലെന്നും ആരോപിക്കുന്നു.