തിരൂർ : തിരൂർ-ചമ്രവട്ടം പാതയിൽ ട്രാഫിക് മുന്നറിയിപ്പ് ബോർഡിന്റെ അപര്യാപ്തത അപകടം വിളിച്ചുവരുത്തുന്നു. റോഡരികിലെ ട്രാഫിക് ചിഹ്നങ്ങളുള്ള ബോർഡുകൾ മിക്കതും പൊട്ടി വീണിരിക്കുകയാണ്. ചിലത് കാലപ്പഴക്കം കാരണം മാഞ്ഞുപോയിട്ടുമുണ്ട്. ചിലയിടങ്ങളിലെ ബോർഡുകൾ വാഹനമിടിച്ച് തകർന്നിട്ടുണ്ട്. ബോർഡ് സ്ഥാപിച്ച ഇരുമ്പുതൂണുകൾ മാത്രം അവശേഷിക്കുന്ന സ്ഥലവും കാണാം.കെഎസ്ആർടിസി ബസുകൾക്ക് സ്റ്റോപ്പുള്ള വിവരം ആലേഖനം ചെയ്ത ബോർഡുകൾക്കും കാലപ്പഴക്കമേറെ. വളവും തിരിവും അറിയിക്കാൻ ചിഹ്നങ്ങളുമില്ല. ദേശീയപാതയിലൂടെ പോകേണ്ട കണ്ടെയ്നർ ലോറികളും ക്യാപ്സ്യൂളുകളും ചരക്കുലോറികളുമെല്ലാം ചമ്രവട്ടം പാതയിലൂടെയാണ് കടന്നുപോകുന്നത്.
ഇതരസംസ്ഥാനങ്ങളിൽനിന്നെത്തുന്ന വാഹനങ്ങൾക്ക് വളവോ തിരിവോ സമീപം വിദ്യാല യങ്ങളുണ്ടോ എന്നൊന്നും അറിയില്ല. ഇത് പലപ്പോഴും അപകടത്തിനു കാരണ മാകുന്നുണ്ട്. പാതയിൽ പലയിടത്തും സീബ്രാവരകളും മാഞ്ഞുപോയിട്ടുണ്ട്. റോഡിൽ സീബ്രാ വരകളില്ലാത്ത തിനെതിരേ കഴിഞ്ഞ ദിവസം മനുഷ്യാവകാശ കമ്മിഷൻ നടപടിയെടുത്തിരുന്നു.മഴ വന്നതോടെ റോഡിൽ കുഴികളും പ്രത്യക്ഷപ്പെട്ടുതുടങ്ങി. ഇതോടെ വാഹനയാത്രക്കാരും കാൽനടക്കാരും ചമ്രവട്ടം കടക്കാൻ പെടാപ്പാടുപെടുകയാണ്. അപകടങ്ങളും കൂടിവരികയാണ് ഈ പാതയിൽ.