ചങ്ങരംകുളം: ഇന്ത്യയിലെ മുഴുവൻ ജനാതിപത്യ വിശ്വാസികളും മതനിരപേക്ഷ ശക്തികളും ഒരുമിച്ചു ചേർന്നാൽ മാത്രമാണ് ഫാസിസ്റ്റ് – ചങ്ങാത്ത മുതലാളിത്ത വിപത്തിനെ ഫലപ്രദമായ രീതിയിൽ ചെറുത്തു പരാജയപ്പെടുത്താൻ ആവുകയുള്ളൂവെന്നും ആയതിനാൽ ഇന്ത്യാ മുന്നണിക്ക് ചരമഗീതം എഴുതാൻ സമയമായിട്ടില്ലെന്നും സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം രാജാജി മാത്യു തോമസ് പറഞ്ഞു. സിപിഐ പൊന്നാനി മണ്ഡലം സമ്മേളനം ചങ്ങരംകുളം എഫ്എൽജി കൺവെൻഷൻ സെന്ററിൽ കെ കെ ബലൻ നഗറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർട്ടി സംഘടനാ പരമായി ശക്തിയാർജിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. തൊഴിലാളികളെ ചൂഷണം ചെയ്യുന്ന ഗൂഡനീക്കമാണ് കേന്ദ്രം നടപ്പാക്കുന്നത്. അതിസമ്പന്നരും കോർപ്പറേറ്റുകളുമാണ് നരേന്ദ്ര മോദിയെ അധികാരത്തിലേറ്റിയത്. അവരാണ് ഇന്ന് ഇന്ത്യയെ നിയന്ത്രിക്കുന്നതും.

രാജ്യത്തെ കർഷകർ ഇപ്പോഴും സമരത്തിലാണ്. നീതി അയോഗിന്റെ കണക്കുപ്രകാരം ഇന്ത്യ ജപ്പാനെ പുറംതള്ളി ലോകത്തെ നാലാമത്തെ സാമ്പത്തിക ശക്തിയായപ്പോഴും ലോക വിശപ്പ് സൂചികയിൽ നൂറ്റിഅഞ്ചാം സ്ഥാനത്താണെണ്. പ്രത്യുല്പാദന ശേഷിയുള്ള 15 നും 40 നും ഇടയിലെ സ്ത്രീകളിൽ 57 ശതമാനവും വിളർച്ച രോഗികൾ ആണെന്നതാണ് ദേശീയ കുടുംബ ആരോഗ്യ സർവ്വേ കണ്ടെത്തിയത്. നമ്മുടെ രാജ്യം വലിയ അപകടത്തിലേക്ക് പോയികൊണ്ടിരിക്കുകയാണ് അവിടെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ശക്തമാവേണ്ടത്. ഇന്ത്യാ – പാക് വിഷയം എന്തുകൊണ്ടാണ് പാർലമെന്റ് യോഗം വിളിച്ചു ചേർത്ത് ഇന്ത്യൻ ജനതയോട് വിശദീകരിക്കാൻ മടിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ജനാതിപത്യ രാജ്യമായ ഇന്ത്യ പാർലമെന്റ് യോഗം വിളിക്കാതിരിക്കുമ്പോഴും ഈ വിഷയം ചർച്ച ചെയ്യാൻ പാകിസ്ഥാൻ പാർലമെന്റ് വിളിച്ചു ചേർക്കുകയും ചെയ്തുവെന്നും രാജാജി മാത്യു തോമസ് പറഞ്ഞു.

മുതിർന്ന അംഗം ടി അബ്ദു പതാക ഉയർത്തിയതോടെയാണ് പാർട്ടി സമ്മേളന പരിപാടകൾ തുടങ്ങിയത്‌. പത്മപ്രഭ പുരസ്‌കാരം ലഭിച്ച കവി ആലങ്കോട് ലീലാകൃഷ്ണനെ രാജാജി മാത്യു തോമസ്പൊന്നാട അണിയിച്ചുകൊണ്ട് ആദരിച്ചു. ഈ ആദരവ് എന്റെ കുടുംബത്തിൽ നിന്ന് ലഭിച്ച ആദരവാണെന്ന് യുവകല സാഹിതി സംസ്ഥാന പ്രസിഡന്റ് കൂടിയായ കവി ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു. 1978 -ൽ എനിക്ക് ആദ്യമായ് ഒരു സംസ്ഥാന പുരസ്‌കാരം നൽകിയത് യുവകലാ സാഹിതിയായിരുന്നുവെന്നും തെരുവിൽ ഞാൻ ആദ്യമായ് പ്രസംഗിച്ചത് എഐവൈഎഫ് നുവേണ്ടിയായിരുന്നുവെന്നും ആശയ ദൃഢതയുള്ള പാർട്ടിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയെന്നും നല്ല മാതൃകകളുള്ള കമ്മ്യൂണിസ്റ്റ് ആവാൻ എല്ലാവരും ശ്രമിക്കണമെന്നും ആലങ്കോട് പറഞ്ഞു.

പ്രസീഡിയം ഒ എം ജയപ്രകാശ്, പ്രബിത പുല്ലൂണി, അഡ്വ. എം എ വാസിൽ സമ്മേളനം നിയന്തിച്ചു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം അജിത് കൊളടി, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി പി ഹനീഫ, അഡ്വ. ഹംസ, പൊന്നാനി മണ്ഡലം സെക്രട്ടറി പി രാജൻ, എ കെ ജബ്ബാർ, അഡ്വ. എം കെ മുഹമ്മദ് സലീം, എം വിജയൻ, സുബൈദ ബക്കർ, സമീറ ഇളയേടത്ത് എന്നിവർ സംസാരിച്ചു. പി നിസാർ രക്തസാക്ഷി പ്രമേയവും എ എൻ സീനത്ത് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ആദ്യദിനം പ്രവർത്തന റിപ്പോർട്ടും ചർച്ചയും നടന്നു. ചൊവ്വാഴ്ച എൽ സി തിരിച്ചുള്ള ഗ്രൂപ്പ് ചർച്ച, പൊതുചർച്ച, മറുപടി, പുതിയ മണ്ഡലം കമ്മിറ്റി അംഗങ്ങൾ, സെക്രട്ടറി, ജില്ലാ സമ്മേളന പ്രതിനിധികൾ എന്നിവരുടെ തിരഞ്ഞെടുപ്പ് എന്നിവ നടക്കും.

Related Post

Leave a Reply

Your email address will not be published. Required fields are marked *