എടപ്പാൾ : ദിവസങ്ങളോളം തിമിർത്തു പെയ്ത മഴയിൽ ഗ്രാമീണപാതകളെല്ലാം വെള്ളക്കെട്ടു കളായി. മഴ മാറിയിട്ടും പലയിടത്തും വെള്ളക്കെട്ടുകൾ മാറാത്തതിനാൽ യാത്രാദുരിതം തുടരുന്നു. പല റോഡുകളും കഴിഞ്ഞ വർഷത്തിൽ പുതുക്കിപ്പണിതവയായിരുന്നു. എന്നാൽ ജൽജീവൻ പദ്ധതിക്കായി കീറിയ ചാലുകളാണ് റോഡുകളെ തകർത്തത്. ഇതോടെ റോഡിലെ യാത്ര ദുരിതമയമായിരുന്നു. ഇതിനിടിയിൽ ശക്തമായ മഴ കൂടി പെയ്തതോടെ വെള്ളം കെട്ടിനിന്ന് ചെളിക്കെട്ടും ഗർത്തങ്ങളും രൂപപ്പെട്ടു.
എടപ്പാൾ ടൗണിന് തൊട്ടടുത്തുള്ള വെങ്ങിനിക്കര റോഡ്, വട്ടംകുളം അങ്ങാടിയിൽനിന്ന് നെല്ലിശ്ശേരി പോകുന്ന റോഡ്, ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രം റോഡ് തുടങ്ങി നിരവധി റോഡുകൾ ഇപ്പോഴും വെള്ളക്കെട്ടും ഗർത്തങ്ങളും കൊണ്ട് ദുരിതത്തിലാണ്.വട്ടംകുളം-നെല്ലിശേരി റോഡ്, ശുകപുരം ക്ഷേത്രം റോഡ് എന്നിവയ്ക്കെല്ലാം ഗ്രാമപ്പഞ്ചായത്ത് ഫണ്ട് വകയിരുത്തിയതാണ്. മഴ മാറിയാൽ മാത്രമേ ടാറിങ് പ്രവൃത്തികൾ ആരംഭിക്കാനാവൂ.
ശുകപുരം റോഡ് നേരത്തെ എംഎൽഎ അനുവദിച്ച 25 ലക്ഷം രൂപകൊണ്ട് പുതുക്കിപ്പണിയാൻ കരാർ ആയതാണ്. എന്നാൽ അതിനിടയിൽ വാട്ടർ അതോറിറ്റി പൈപ്പിടാൻ കീറിയതോടെ ആ തുകയ്ക്ക് പണി തീർക്കാനാവില്ലെന്നതിനാൽ കരാറുകാരൻ ഉപേക്ഷിച്ചു പോയി.
പിന്നീട് നാട്ടുകാരുടെ പ്രതിഷേധങ്ങളും ദുരിതങ്ങളുമെല്ലാം കണക്കിലെടുത്ത് റോഡ് പുതുക്കാൻ വട്ടംകുളം ഗ്രാമപ്പഞ്ചായത്ത് രംഗത്തുവരുകയായിരുന്നു. 18 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. കൂടുതൽ തകരാറുള്ള ഭാഗങ്ങളിൽ കോൺക്രീറ്റ് ചെയ്യുകയോ ഇന്റർലോക്ക് വിരിക്കുകയോ ചെയ്യാനാണ് തീരുമാനം. മഴ മാറിയാലുടൻതന്നെ പണി ആരംഭിക്കുമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.എ. നജീബ് പറഞ്ഞു.