തിരൂർ : ജില്ലയിൽ കോൺഗ്രസ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച മുതിർന്ന കോൺഗ്രസ് നേതാവ് തിരൂർ മുത്തൂരിലെ സി.വി. വേലായുധന് കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും കണ്ണീരോടെ വിടനൽകി. തിരൂരിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയമേഖലയിൽ അദ്ദേഹം വഹിച്ച പങ്ക് വിലപ്പെട്ടതായിരുന്നു.ഗാന്ധിയൻ ആദർശം മുറുകെപ്പിടിച്ച ഇദ്ദേഹം സ്വാതന്ത്ര്യസമരത്തിലും പങ്കെടുത്തു ജയിൽവാസമനുഷ്ഠിച്ചു. പെൻഷൻ സ്വീകരിച്ചിരുന്നില്ല. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ സജീവമായ വേലായുധൻ പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിലൂടെ യാണ് രാഷ്ട്രീയത്തിലെത്തിയത്. ഗാന്ധിജിയിൽ ആകൃഷ്ടനായ ഇദ്ദേഹം പഠനം ഉപേക്ഷിച്ച് സ്വാതന്ത്ര്യസമരത്തിൽ പങ്കാളിയായി.
പാർലമെന്റ് തിരഞ്ഞെടുപ്പിൽ പൊതുയോഗത്തിൽ പ്രസംഗിക്കാൻ ജവാഹർലാൽ നെഹ്റു തിരൂർ റെയിൽവേസ്റ്റേഷനിലെത്തിയപ്പോൾ വിദ്യാർഥിയായ സി.വി. വേലായുധൻ സംഘാടകരിലൊരാളായിരുന്നു.മരണവാർത്തയറിഞ്ഞ് നാനാഭാഗങ്ങളിൽനിന്ന് നിരവധിപേർ മുത്തൂരിലെ വീട്ടിലെത്തി. മന്ത്രിമാരായ വി. അബ്ദുറഹ്‌മാൻ, എ.കെ. ശശീന്ദ്രൻ, ഇ.ടി. മുഹമ്മദ് ബഷീർ, കുറുക്കോളി മൊയ്തീൻ എംഎൽഎ., നഗരസഭാധ്യക്ഷ എ.പി. നസീമ, ഉപാധ്യക്ഷൻ പി. രാമൻകുട്ടി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ദീൻ, സിപി.എം ഏരിയാ സെക്രട്ടറി ടി. ഷാജി, കെപിസിസി സെക്രട്ടറി നൗഷാദലി, യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി. അജയ്‌മോഹൻ, ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡൻറ് ദീപ പുഴയ്ക്കൽ, മനോജ് പാറശ്ശേരി, പി.എ ബാവ, ഡിസിസി വൈസ് പ്രസിഡൻറ് ഷാജി പച്ചേരി,തുടങ്ങിയവർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.
സംസ്കാരത്തിനുശേഷം തിരൂർ സെൻട്രൽ ജങ്ഷനിൽ സർവകക്ഷി അനുശോചനയോഗം നടന്നു. കുറുക്കോളി മൊയ്തീൻ എംഎൽഎ ഉദ്ഘാടനംചെയ്തു. അഡ്വ. കെ.എ. പത്മകുമാർ അധ്യക്ഷത വഹിച്ചു. അഡ്വ. എസ്. ഗിരീഷ്, വെട്ടം ആലിക്കോയ, മനോജ് പാറശ്ശേരി, പാറപ്പുറത്ത് കുഞ്ഞൂട്ടി, പിമ്പുറത്ത് ശ്രീനിവാസൻ, പി.എ. ബാവ, യാസർ പൊട്ടച്ചോല, കീഴേടത്തിൽ ഇബ്രാഹിം ഹാജി, പ്രേംനാഥ്, എ. ഗോപാലകൃഷ്ണൻ, പി.വി. സമദ്, യാസർ പയ്യോളി, പന്ത്രോളി മുഹമ്മദലി, വി. നന്ദൻ എന്നിവർ പ്രസംഗിച്ചു. സൗഹൃദവേദി തിരൂരും അനുശോചനം രേഖപ്പെടുത്തി. പ്രസിഡന്റ് കെപിഒ റഹ്‌മത്തുല്ല അധ്യക്ഷത വഹിച്ചു.