പൊന്നാനി : സിവിൽസ്റ്റേഷൻ കോമ്പൗണ്ടിലുള്ള ഇറിഗേഷൻ സബ് ഡിവിഷൻ ഓഫീസ് ചമ്രവട്ടം ജങ്ഷനിലേക്ക് മാറ്റും. അനക്സ് കെട്ടിടനിർമാണത്തിന്റെ ഭാഗമായാണ് പുതിയ കെട്ടിടത്തിലേക്ക് ഓഫീസ് മാറ്റുന്നത്. ശോച്യാവസ്ഥയിലായ കെട്ടിടത്തിലാണ് നിലവിൽ ഓഫീസ് പ്രവർത്തിക്കുന്നത്.
ജലസേചനവകുപ്പിന്റെ പൊന്നാനി സബ് ഡിവിഷൻ ഓഫീസും അസി. എക്സിക്യുട്ടീവ് എൻജിനീയറുടെ കാര്യാലയവുമാണ് അനക്സ് കെട്ടിടനിർമാണത്തിന് മുന്നോടിയായി മാറ്റി സ്ഥാപിക്കുന്നത്.
ചമ്രവട്ടം ജങ്ഷനിൽ നേരത്തേ ജല അതോറിറ്റി ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലേക്കാണ് ജലസേചനവകുപ്പ് ഓഫീസ് മാറ്റുന്നത്. ഓടിട്ട പഴയ കെട്ടിടത്തിലാണ് നിലവിൽ ഓഫീസ് പ്രവർത്തിക്കുന്നത്. ഓഫീസ് സൗകര്യപ്രദമായ കെട്ടിടത്തിലേക്ക് മാറ്റണമെന്ന് വർഷങ്ങളായുള്ള ആവശ്യമാണ്. ജനുവരിയോടെ ഓഫീസിന്റെ പ്രവർത്തനം ചമ്രവട്ടം ജങ്ഷനിലെ കെട്ടിടത്തിലേക്ക് മാറ്റിയേക്കും.
പൊന്നാനി നഗരം വില്ലേജ് ഓഫീസ്, ഇറിഗേഷൻ ഓഫീസ് എന്നിവ പൂർണമായും പൊളിച്ചുമാറ്റിയാണ് അനക്സ് കെട്ടിടം നിർമിക്കുന്നത്.