പൊന്നാനി: പി.എം ഇ-സേവ ശ്രേണിയിൽ 50 ഇലക്ട്രിക് ബസുകളുടെ ഹബ്ബായി പൊന്നാനിയെ പരിഗണിക്കുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട നിർദേശങ്ങൾ അന്തിമമാക്കി ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ഈ മാസം തന്നെ സർക്കാറിന് ശിപാർശ സമർപ്പിക്കും. പൊന്നാനി കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ നാലേക്കറോളം വരുന്ന വിശാലമായ യാർഡാണ് ഇലക്ട്രിക് ബസ് ഹബ്ബിനായി പൊന്നാനിയെ പരിഗണിക്കുന്നതിന് പ്രധാന അനുകൂല ഘടകമായത്. പദ്ധതി യാഥാർഥ്യമായാൽ പൊന്നാനി കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ വികസനത്തിനും പൊതുഗതാഗത മേഖലക്കും വലിയ മുന്നേറ്റമാകും. കൂടുതൽ ഇലക്ട്രിക് ബസുകൾ എത്തുന്നതോടെ നിലവിലുള്ള സർവിസുകൾ ശക്തിപ്പെടുത്തുന്നതിനൊപ്പം പുതിയ റൂട്ടുകളിലേക്ക് സർവിസ് വ്യാപിപ്പിക്കാനും സാധ്യതയുണ്ട്.

