പൊന്നാനി : മേഖലയിൽ മോഷണത്തിന് അറുതിയാകുന്നില്ല. തുടർച്ചയായ മൂന്നാംദിവസവും കടകളിൽ മോഷണംനടന്നത് വ്യാപാരികളെ ആശങ്കയിലാഴ്ത്തി. മോഷ്ടാവിനെ പിടികൂടാൻ കഴിയാത്തത് പോലീസിനും നാണക്കേടായി.

പുഴമ്പ്രം, ബിയ്യം മേഖലകളിലെ ഒൻപതു കടകളിലും സ്കൂളിലും ക്ഷേത്രത്തിലുമാണ് വ്യാഴാഴ്ച പുലർച്ചെ മോഷ്ടാവെത്തിയത്. പുഴമ്പ്രത്തെ കവല സൂപ്പർ മാർക്കറ്റ്, ബിയ്യത്തെ ഷിഹാസ് സ്റ്റോർ, ഫാമിലി ബേക്കറി, എം.ടി. സ്റ്റോർ എന്നിവിടങ്ങളിൽനിന്ന് പതിനയ്യായിരം രൂപയോളം മോഷണംപോയി.

പുഴമ്പ്രം സഫ സ്റ്റോർ, ബാറ്ററി സ്റ്റോർ, ഹൈബ്രിഡ് ബാറ്ററി സ്റ്റോർ, ചെറുവായ്ക്കര സ്‌കൂൾ, ഡോർ മെൻസ് വെയർ, പതിയാരത്ത് ക്ഷേത്രം എന്നിവിടങ്ങളിലാണ് മോഷണശ്രമമുണ്ടായത്. കടകളുടെ പൂട്ടു തകർത്താണ് മോഷ്ടാവ് അകത്തു കടന്നിട്ടുള്ളത്.

മോഷ്ടാവിന്റെ ദൃശ്യം സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. കൈയുറയും മുഖംമൂടിയും ധരിച്ചാണ് മോഷ്ടാവെത്തിയത്. കൊല്ലൻപടിയിലെ കടകളിൽ മോഷണംനടത്തിയ ആളും ഇത്തരത്തിലായിരുന്നു.

ചൊവ്വാഴ്ച പുലർച്ചെയാണ് കൊല്ലൻപടിയിലെ ആറു കടകളിൽ മോഷണം നടന്നത്. ബുധനാഴ്ച നിളയോരപാതയിലെ പെട്ടിക്കടയിലും മോഷണം നടന്നിരുന്നു. നഗരസഭയുടെ വിവിധയിടങ്ങളിൽ മോഷണം പതിവായിട്ടും പോലീസ് നിഷ്‌ക്രിയമാണെന്ന ആരോപണവുമായി വ്യാപാരികളും രംഗത്തുവന്നിട്ടുണ്ട്.

സി.സി.ടി.വി. ദൃശ്യങ്ങൾ ലഭിച്ചിട്ടു പോലും തുടർമോഷണങ്ങൾ നടക്കുന്നത് പോലീസിന്റെ നിഷ്‌ക്രിയത്വം മൂലമാണെന്നാണ് വ്യാപാരികളുടെ ആക്ഷേപം.അതേസമയം, മോഷണം തുടർക്കഥയായ സാഹചര്യത്തിൽ കടകളിൽ പണം സൂക്ഷിക്കരുതെന്ന് പോലീസ് വ്യാപാരികളോട് അഭ്യർഥിച്ചു. അന്വേഷണം ഊർജിതമാണെന്നും രാത്രി പട്രോളിങ് ശക്തമാക്കിയിട്ടുണ്ടെന്നും ഇൻസ്‌പെക്ടർ വിനോദ് വലിയാറ്റൂർ പറഞ്ഞു. അടുത്തിടെ ജയിലിൽനിന്ന് പുറത്തിറങ്ങിയ മോഷ്ടാക്കളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *