പൊന്നാനി : ദേശീയപാത ആറുവരിയായി വികസിപ്പിക്കുമ്പോൾ പുതുപൊന്നാനിയിലുണ്ടാകുന്ന യാത്രാക്ലേശം പരിഹരിക്കാനായി മിനി അടിപാത നിർമാണം തുടങ്ങി. പുതുപൊന്നാനി പാലത്തിനടുത്ത് രണ്ടരമീറ്റർ ഉയരത്തിലും അഞ്ചു മീറ്റർ വീതിയിലുമാണ് മിനി അടിപ്പാത നിർമിക്കുന്നത്. സമീപനറോഡിന് 27 മീറ്റർ നീളമുണ്ടാകും. മാർച്ചിനുള്ളിൽ പുതുപൊന്നാനിയിലെ അടിപ്പാത നിർമാണം പൂർത്തിയാക്കും. പുതുപൊന്നാനിയിൽ എം.ഐ. എജു സിറ്റിക്കടുത്ത് നടപ്പാലം നിർമിക്കാനും പദ്ധതിയുണ്ട്.
പുതുപൊന്നാനിയിൽ അടിപ്പാത നിർമിക്കാൻ ദേശീയപാത അതോറിറ്റിക്ക് ആദ്യം ഉദ്ദേശ്യമുണ്ടായിരുന്നില്ല. മെട്രോമാൻ ഇ. ശ്രീധരന്റെ ഇടപെടലാണ് അടിപ്പാത നിർമിക്കാൻ കാരണമായത്. അദ്ദേഹം സ്ഥലംസന്ദർശിച്ച് അടിപ്പാത ഇവിടെ അത്യാവശ്യമാണെന്നു ബോധ്യപ്പെട്ടതോടെ കേന്ദ്രമന്ത്രി മന്ത്രി നിഥിൻ ഗഡ്ഗരിയെ നേരിൽക്കണ്ട് ആവശ്യമുന്നയിച്ചു. മന്ത്രി നിർദേശം നൽകിയതിനെത്തുടർന്നാണ് ദേശീയപാത നിർമാണത്തിന്റെ അന്തിമഘട്ടത്തിൽ അടിപ്പാത നിർമിക്കാൻ അനുമതി കിട്ടിയത്. കോൺക്രീറ്റ് ജോലികളാണ് ഇപ്പോൾ നടക്കുന്നത്. താഴ്ഭാഗത്ത് കോൺക്രീറ്റ് പാളി ഇട്ടു കഴിഞ്ഞു. ഇത് കമ്പിവെച്ച് റാഫ്റ്റ് ചെയ്യും. പിന്നീട് ചുമർ നിർമിക്കും. ഇതു കഴിഞ്ഞ് മണ്ണിട്ടു ലെവൽ ചെയ്തതിനു ശേഷം ഗതാഗതം ഇടതു ഭാഗത്തേക്ക് തിരിച്ചുവിടും.