തിരൂർ: പിഞ്ചുകുഞ്ഞിനെ കൊന്ന് റെയിൽവേ സ്റ്റേഷനിലുപേക്ഷിച്ചുവെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലെത്തിയ പോലീസിന് മൃതദേഹമടങ്ങിയ കറുത്ത ബാഗ് കാണിച്ചുകൊടുക്കുമ്പോൾ മാതാവ് ശ്രീപ്രീയക്ക് യാതൊരു ഭാവവ്യത്യാസവുമുണ്ടായിരുന്നില്ല. അഴുകിത്തുടങ്ങിയ മൃതദേഹം ഓടയിൽനിന്ന് പുറത്തെടുത്തപ്പോഴും ശ്രീപ്രിയയ്ക്ക് കൂസലുണ്ടായിരുന്നില്ല. തെളിവെടുപ്പിനുശേഷം രാത്രി എട്ടേകാലോടെ പോലീസ് സംഘം ശ്രീപ്രിയയെയുമായി തിരൂരിലേക്കു തിരിച്ചുപോയി.
മൂന്നുമാസം മുൻപ് ഭർത്താവിനെയും കുടുംബത്തെയും വിട്ട് കാമുകനൊപ്പം ഒളിച്ചോടിയ ശ്രീപ്രിയയെ സഹോദരീഭർത്താവ് ചിലമ്പരശൻ യാദൃച്ഛികമായി തിരൂരിൽ കണ്ടതാണ് സംഭവങ്ങൾ പുറത്തുവരാൻ കാരണമായത്. നെയ്‌വേലി സ്വദേശി മണിബാലൻ ശ്രീപ്രിയയെ വിവാഹംചെയ്തത് രണ്ടുവർഷം മുൻപാണ്. അതിൽ ജനിച്ച കുഞ്ഞാണിപ്പോൾ കൊലചെയ്യപ്പെട്ടത്.
മൂന്നുമാസംമുൻപ് ശ്രീപ്രിയയും കാമുകനായ ജയസൂര്യയും തിരൂരിലെത്തി. ശ്രീപ്രിയ തിരൂരിനടുത്ത് പുല്ലൂരിൽ ഹോട്ടൽ ജോലി ചെയ്യുകയായിരുന്നു. പുല്ലൂരിൽ എസ്.ഐ.ഒ. ബസ്‌സ്റ്റോപ്പിനു സമീപമാണ് ഇവർ വാടകയ്ക്കു താമസിച്ചത്. ശ്രീപ്രിയയുടെ സഹോദരി വിജയയും ഭർത്താവ് ചിലമ്പരശനും പുത്തനത്താണിയിൽ താമസിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞദിവസം ചിലമ്പരശൻ പുല്ലൂരിൽവെച്ച് ശ്രീപ്രിയയെ കണ്ടു. സംശയംതോന്നി വീട്ടിലെത്തി ഭാര്യ വിജയയോട് പറഞ്ഞു. പിറ്റേന്ന് വിജയ പുല്ലൂരിലെത്തി സഹോദരിയെ തിരയുകയും ഹോട്ടലിൽ കണ്ടെത്തുകയുംചെയ്തു.
തന്റെ കുഞ്ഞിനെ കാമുകനും അയാളുടെ പിതാവും ചേർന്ന് അടിച്ചുകൊന്നതായും തൃശ്ശൂരിൽ ഉപേക്ഷിച്ചതായും ശ്രീപ്രിയ സഹോദരിയോടു പറഞ്ഞു. തുടർന്ന് വിജയ പോലീസിൽ വിവരമറിച്ചു. വിജയയും ഭർത്താവും പുല്ലൂരിൽ ശ്രീപ്രിയ താമസിക്കുന്ന വാടകവീട്ടിലെത്തി. വൈകാതെ ശ്രീപ്രിയയെയും കാമുകൻ ജയസൂര്യയെയും പിതാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.
പുല്ലൂരിലെ വാടകവീട്ടിൽ തന്നെ മുറിയിൽ പൂട്ടിയിട്ട്, കാമുകനും പിതാവും ചേർന്ന് കുട്ടിയെ അടിച്ചുകൊന്നുവെന്നാണ് ശ്രീപ്രിയ പോലീസിനോടു പറഞ്ഞത്. തിരൂർ ഡിവൈ.എസ്.പി. ഷംസ്, ഇൻസ്‌പെക്ടർ എം.കെ. രമേശ് എന്നിവർ ഇവരെ ചോദ്യംചെയ്തു.