പൊന്നാനി : പൊന്നാനിക്കാരിൽ വായനശീലം വളർത്തിയെടുക്കുന്നതിൽ മുഖ്യപങ്കുവഹിച്ച തൃക്കാവ് ഗ്രന്ഥാലയം ഏഴു പതിറ്റാണ്ടിന്റെ നിറവിൽ. ഗ്രന്ഥാലയം പുതിയ കെട്ടിടത്തിലേക്കു മാറുകയാണ്. 1954-ൽ സ്ഥാപിതമായ ഗ്രന്ഥാലയം പാലക്കാട് എൽ.എൽ.എ.യുടെ കീഴിലാണ് പ്രവർത്തിച്ചിരുന്നത്. അന്ന് ഉറൂബ്, ഇടശ്ശേരി, കടവനാട് കുട്ടികൃഷ്ണൻ തുടങ്ങി പല സാഹിത്യകാരന്മാരും കലാകാരന്മാരും ഈ വായനശാലയിലെ സ്ഥിരം സന്ദർശകരായിരുന്നു. 1998-ൽ എൽ.എൽ.എയിൽ നിന്നൊഴിവായി 11 അംഗ ജനകീയകമ്മിറ്റി രൂപവത്കരിച്ചു. ഈകമ്മിറ്റി വീടുകളിൽനിന്നും പുസ്തകങ്ങൾ ശേഖരിക്കുകയും പുതിയ അംഗങ്ങളെ ചേർക്കുകയുംചെയ്തു.
പുതിയ കമ്മിറ്റി നിലവിൽവന്നതോടെ സാഹിത്യചർച്ചകളും കലാപരിപാടികളും സ്വയംതൊഴിൽ പരിശീലനവും പി.എസ്.സി. പരിശീലനവുമെല്ലാം നടത്തി വരുന്നുണ്ടിവിടെ. പഴയ സാഹിത്യ നാടക ചർച്ചകളെ അനുസ്മരിച്ച് ഇന്നും വായനശാലയിൽനിന്നും മികച്ച നാടകങ്ങൾ അവതരിപ്പിക്കാറുണ്ട്.
അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യ മാനേജിങ് ഡയറക്ടർ അബ്ദുൾ നാസറാണ് വായനശാലയ്ക്കായി സ്ഥലം നൽകിയത്. മുൻ എം.എൽ.എ. ശ്രീരാമകൃഷ്ണന്റെ ഫണ്ടിൽനിന്ന് 12 ലക്ഷം ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്.
വി.എസ്. സുധർമ്മൻ പ്രസിഡൻറും എം. ഉണ്ണികൃഷ്ണൻ സെക്രട്ടറിയുമായിട്ടുള്ള കമ്മിറ്റിയാണ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.