പുറത്തൂര്‍: കള്ളക്കടൽ പ്രതിഭാസം പുറത്തൂരിലെ തീരപ്രദേശങ്ങളിലുമുണ്ടായി. ചൊവ്വ രാത്രി തീരത്ത് കടൽ കയറി. കരയിലേക്ക് അടിച്ചുകയറിയ കടൽ ഇന്നലെ രാവിലെ ആയപ്പോഴേക്ക് ഏറെക്കുറേ ശാന്തമായി. മുന്നറിയിപ്പുണ്ടായിരുന്നതിനാൽ കടലോരങ്ങളിൽനിന്ന് ബോട്ടുകളും മറ്റും തൊഴിലാളികൾ എടുത്തുമാറ്റിയിരുന്നു. പടിഞ്ഞാറേക്കര ടൂറിസം ബീച്ചിലും സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി.
കരയിലേക്ക് ശക്തമായ തിരമാലകൾ വരുന്നതിനെയാണ് കള്ളക്കടൽ എന്നു പറയുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ഈ സമയം കടൽ പ്രക്ഷുബ്ദമായിരിക്കും. പടിഞ്ഞാറേക്കര മുതൽ താനൂർ വരെയുള്ള പല തീരങ്ങളിലും ഇന്നലെ ഇതു കാരണം തിരമാലകൾ ആഞ്ഞടിച്ചിരുന്നു. വരും ദിവസങ്ങളിലും ഇതു തുടരുമെന്നതിനാൽ കടൽ കാണാനെത്തുന്ന സന്ദർശകർ ശ്രദ്ധിക്കണമെന്ന ജാഗ്രതാ നിർദേശമുണ്ട്.