പൊന്നാനി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ചിഹ്നം നിലനിർത്താനുള്ള തത്രപ്പാടിലാണ് സി.പി.എമ്മെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽസെക്രട്ടറി പി.കെ ഫിറോസ്. രാജ്യ താത്‌പര്യത്തിനപ്പുറം പാർട്ടി താത്‌പര്യവും ചിഹ്നത്തിന്റെ സംരക്ഷണവും മാത്രം ലക്ഷ്യമിടുന്ന സി.പി.എമ്മിന് ഈനാംപേച്ചിയും മരപ്പട്ടിയുമൊക്കെ ചിഹ്നമായി മാറുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.വൈ.എഫ്. പൊന്നാനി നിയോജകമണ്ഡലം കമ്മിറ്റി ‘ഇന്ത്യക്കായി ഒന്നിക്കാം’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച യൂത്ത് ഇന്ത്യ യുവസംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പൊന്നാനി നിയോജകമണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ഷെബീർ ബിയ്യം അധ്യക്ഷതവഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽസെക്രട്ടറി ഡോ. സോയ ജോസഫ് മുഖ്യപ്രഭാഷണം നടത്തി.
ഡോ. സി.പി. ബാവഹാജി, ഫൈസൽ ബാഫഖി തങ്ങൾ, കെ.സി. ശിഹാബ്, അഡ്വ. സിദ്ദീഖ് പന്താവൂർ, കെ.പി. റാസിൽ, ഇ.ആർ. ലിജേഷ്, അഡ്വ. കെ.എ. ബക്കർ, ഇർഷാദ് പള്ളിക്കര, സി.കെ അഷറഫ് തുടങ്ങിയവർ പ്രസംഗിച്ചു.