പൊന്നാനി : കുണ്ടും കുഴിയും നിറഞ്ഞ് തകർച്ചയിലായ ഒട്ടേറെ റോഡുകൾ പൊന്നാനി നഗരസഭയിലുണ്ടെങ്കിലും ടാറിങ് നടക്കുന്നത് ഒരു കുഴിപോലുമില്ലാത്ത കുമ്പളത്തുപടി-കുട്ടാട് റോഡിലാണ്.
പൊന്നാനി നഗരസഭയിലെ ഏഴാം വാർഡിലെ കുമ്പളത്തുപടി-കുട്ടാട് റോഡ് മൂന്നു വർഷം മുമ്പാണ് ടാറിങ് പൂർത്തിയാക്കിയത്. കുമ്പളത്തുപടി-കുട്ടാട് റോഡിനോട് ചേർന്നു കിടക്കുന്ന കുമ്പളത്തുപടി-കുറ്റിക്കാട് റോഡ് തകർന്നുകിടക്കുമ്പോഴാണ് യാതൊരുവിധ കേടുപാടുകളുമില്ലാത്ത റോഡിൽ നഗരസഭാ കൗൺസിൽ തീരുമാനപ്രകാരം വീണ്ടും ടാറിങ് നടത്തിയത്.
ഈഴുവത്തിരുത്തി പാക്കേജിന്റെ പേരിൽ പൊളിക്കുകയും ഗതാഗതയോഗ്യമല്ലാതായി തകർന്നുകിടക്കുകയും ചെയ്യുമ്പോൾ കേടുപാടുകളില്ലാത്ത റോഡ് ടാറിങ് നടത്തിയതിനെതിരേ പ്രദേശവാസികൾ പ്രതിഷേധത്തിലാണ്. പൊതുജനങ്ങളുടെ നികുതിപ്പണം ദുരുപയോഗം ചെയ്യുന്ന പൊന്നാനി നഗരസഭാ ഭരണസമിതിയുടെയും അതിനു കൂട്ടുനിൽക്കുന്ന നഗരസഭാ ഉദ്യോഗസ്ഥരുടെയും പേരിൽ വിജിലൻസ് അന്വേഷണം വേണമെന്ന് കോൺഗ്രസ് പൊന്നാനി ബ്ലോക്ക് വൈസ് പ്രസിഡന്റ് എ. പവിത്രകുമാർ ആവശ്യപ്പെട്ടു.