പൊന്നാനി∙ കപ്പലിടിച്ച് മത്സ്യബന്ധന ബോട്ട് തകർന്നതിനെ തുടർന്ന് കാണാതായ മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. സ്രാങ്ക് അഴീക്കൽ സ്വദേശി അബ്ദുൽസലാം, പൊന്നാനി സ്വദേശി ഗഫൂർ എന്നിവരാണ് അപകടത്തിൽ മരിച്ചത്.
അഴീക്കൽ സ്വദേശി മരക്കാട്ട് നൈനാറിന്റെ ഉടമസ്ഥതയിലുള്ള ‘ഇസ്‌ലാഹ്’ എന്ന ബോട്ടാണ് ഇന്ന് പുലർച്ചെ അപകടത്തിൽ പെട്ടത്. പൊന്നാനിയിൽ നിന്ന് പുറപ്പെട്ട ബോട്ട് സാഗർ യുവരാജ് എന്ന കപ്പലുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴ്ന്നു. ബോട്ടിലുണ്ടായിരുന്ന ആറുപേരിൽ നാലുപേരെ കപ്പലിൽ ഉണ്ടായിരുന്നവർ രക്ഷപ്പെടുത്തി. കടലിൽ മുങ്ങിപ്പോയ ബാക്കി രണ്ടുപേർക്കായി നടത്തിയ തിരച്ചിലിലാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇരുവരുടെയും ദേഹത്ത് മുറിവുകൾ ഉള്ളതായാണ് വിവരം.