വെളിയങ്കോട്: ദേശീയപാതയുടെ സർവീസ് റോഡിൽ മഴയെ തുടർന്ന് ചെളി നിറഞ്ഞതോടെ വെളിയങ്കോട് പൂക്കൈത നിവാസികൾ ദുരിതത്തിൽ.പൊന്നാനി-ചാവക്കാട് ദേശീയപാതയിലെ താവളക്കുളം മേഖലയിൽ നിർമാണം നടക്കുന്ന സർവീസ് റോഡുകളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ ചെളി നിറഞ്ഞത്. വെളിയങ്കോട് പഞ്ചായത്തിലെ രണ്ടാം വാർഡിൽ ഉൾപ്പെടുന്ന പൂക്കൈതക്കാർ ആശ്രയിക്കുന്ന പഞ്ചായത്ത് റോഡ് ബന്ധിപ്പിക്കുന്നത് ഇൗ സർവീസ് റോഡാണ്.
മണ്ണു കൊണ്ട് നിർമിച്ച റോഡിൽ ചെളി നിറഞ്ഞ് വാഹനങ്ങൾക്ക് പോകാൻ കഴിയാത്ത അവസ്ഥയിലാണ്.വെളിയങ്കോട് അങ്ങാടി, പൊന്നാനി എന്നിവിടങ്ങളിലേക്ക് പോകാൻ നൂറോളം കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡാണ്. റോഡിലെ ചെളി ഒഴിവാക്കി ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.