പൊന്നാനി : എൻ.സി.വി. ചാനൽ പ്രോഗ്രാം ഡയറക്ടറും കലാ പ്രവർത്തകനുമായിരുന്ന വിക്രമൻ പൊന്നാനിയുടെ രണ്ടാം അനുസ്മരണത്തിനായി സഹൃദയർ ഒത്തുകൂടി. എ.വി. ഹൈസ്കൂളിൽ നടന്ന അനുസ്മരണ ചടങ്ങ് പി. നന്ദകുമാർ എം.എൽ.എ. ഉദ്ഘാടനംചെയ്തു.
എൻ.സി.വി. ചാനൽ മാനേജിങ് ഡയറക്ടർ എം. രാജ് മോഹൻ അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം മുഖ്യാതിഥിയായി. പി.ടി അജയ് മോഹൻ, ശങ്കു ടി. ദാസ്, രാജു പനമ്പാട്, പി.വി അയ്യൂബ് എന്നിവർ പ്രസംഗിച്ചു.
‘നീ നൻപൻ’ എന്ന പേരിൽ എൻ.സി.വി.യും വിക്രമൻ സൗഹൃദ കൂട്ടായ്മയുംചേർന്ന് നടത്തിയ പരിപാടിയിൽ വിക്രമന്റെ പേരിൽ ഏർപ്പെടുത്തിയ ഷോർട്ട്‌ഫിലിം മത്സരവിജയികളുടെ പ്രഖ്യാപനവും അവാർഡ്ദാനവും നടന്നു.
മികച്ച ചിത്രത്തിനുള്ള അവാർഡ് ‘ആഴം എന്ന ഷോർട്ട് ഫിലിമിന് ലഭിച്ചു. മികച്ച നടനായി ‘ഇവൾ സുഗന്ധി’ എന്ന ചിത്രത്തിലെ ഭവദാസിനെ തിരഞ്ഞെടുത്തു. ഇവൾ സുഗന്ധിയിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ച രൂപ ശരത്താണ് മികച്ച നടി. ‘ആഴം’ എന്ന ചിത്രത്തിന്റെ സംവിധായകൻ എം. അമൽ മികച്ച സംവിധായകനായി.
വിക്രമന് ഏറെ ഇഷ്ടമുള്ള ഗാനങ്ങൾ കോർത്തിണക്കിയ ഗാനാഞ്ജലിയും അരങ്ങേറി. വിനോദ് പൊന്നാനി, ടോജ് ക്രിസ്റ്റി, ഹരി കണ്ണത്ത് എന്നിവർ പ്രസംഗിച്ചു.