പൊന്നാനി : മുനിസിപ്പൽ ഡയറക്ടറുടെ നിർദേശനുസരണം കഴിഞ്ഞദിവസം നഗരസഭയിലെ ചില കച്ചവടസ്ഥാപനങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയ്ക്കെതിരേ വ്യാപാരി വ്യവസായി ഏകോപനസമിതി രംഗത്ത്.
പരിശോധനയിൽ 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റികൾ സഞ്ചികൾ പിടിച്ചെടുക്കുകയും പിഴ ചുമത്തുകയും ചെയ്തിരുന്നു.
50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് സഞ്ചികൾ സുലഭമായി ഉപയോഗിക്കുന്ന മത്സ്യമാർക്കറ്റിലും വഴിയോര വിപണികളിലും പരിശോധന നടത്താതെ തൊഴിൽ നികുതിയും ലൈസൻസ് ഫീസും നൽകുന്ന വ്യാപാരികളെ മാത്രം തിരഞ്ഞുപിടിച്ച് പിഴചുമത്തുന്ന ഉദ്യോഗസ്ഥർക്ക് ഒത്താശചെയ്തുകൊടുക്കുകയാണ് നഗരസഭയെന്ന് വ്യാപാരികൾ കുറ്റപ്പെടുത്തി.
പ്ലാസ്റ്റിക് പാത്രങ്ങൾ, കപ്പുകൾ, സ്‌ട്രോകൾ പ്ലാസ്റ്റിക് സ്‌പൂണുകൾ, ബലൂണുകൾ എന്നിവ കച്ചവടസ്ഥാപനങ്ങളിൽ യഥേഷ്ടം വിൽപ്പന നടത്തുന്നതിനെതിരേ നടപടിയെടുക്കാത്ത നഗരസഭയുടെ ഇരട്ടത്താപ്പ് നയത്തിനെതിരേ വ്യാപാരി വ്യവസായി ഏകോപനസമിതി ഇഴുവത്തിരുത്തി യൂണിറ്റ് പ്രതിഷേധജാഥ നടത്തി.
ചമ്രവട്ടം ജങ്ഷനിൽ നടത്തിയ പ്രതിഷേധജാഥ അഡ്വ. കെ.പി. അബ്ദുൽജബ്ബാർ ഉദ്ഘാടനംചെയ്തു. ടി.കെ. രഘു, കെ. മനോജ്, അക്രം റഫീഖ്, പി. ഇബ്രാഹിം, നയന മൂസ, ലോഹുൽ അമീൻ, കെ.വി. മരക്കാർ എന്നിവർ ജാഥയ്ക്ക് നേതൃത്വംനൽകി.