എരമംഗലം : പാലപ്പെട്ടി കാപ്പിരിക്കാട് മുതൽ പൊന്നാനി വരെ തീരദേശമേഖലയിൽ കടൽഭിത്തി നിർമിക്കുക, പുനർഗേഹം പദ്ധതിയുടെ തുക വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി വെൽഫെയർ പാർട്ടി പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. ചൊവ്വാഴ്ച 11-ഓടെയാണ് പ്രകടനവുമായെത്തിയ പ്രവർത്തകർ പാലപ്പെട്ടിയിൽ ദേശീയപാത ഉപരോധിച്ചത്.
ഗതാഗതം തടസ്സപ്പെട്ടതോടെ പോലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. ഇതിനിടയിൽ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. പത്ത് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തിൽ വിട്ടു. പാലപ്പെട്ടിയിൽ നടത്തിയ ദേശീയപാത ഉപരോധസമരത്തിന് വെൽഫെയർ പാർട്ടി നേതാക്കളും പ്രവർത്തകരുമായ മുൻഷിറ, മൻസിയ, നസീമ, മുസ്തഫ അഷ്‌കർ, റിയാസ്, ഷഹീർ, ബഷീർ, സിയാദ് തുടങ്ങിയവർ നേതൃത്വം നൽകി.