പൊന്നാനി : നഗരസഭയിൽ ഒരാൾക്ക് മലമ്പനി (മലേറിയ) സ്ഥിരീകരിച്ചു. അഞ്ചാം വാർഡ് കുറ്റിക്കാടുള്ള 21 വയസ്സുകാരിക്കാണ് മലമ്പനി സ്ഥിരീകരിച്ചത്. ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവിഭാഗം വേണ്ട മുൻകരുതലുകൾ ചെയ്തുവരുന്നുണ്ടെന്നും പൊന്നാനി താലൂക്കാശുപത്രി സൂപ്രണ്ട് അറിയിച്ചു.
പ്രദേശത്തെ വെള്ളക്കെട്ട് നീക്കം ചെയ്യാത്തതാണ് മാരകരോഗങ്ങൾക്ക് കാരണമായിട്ടുള്ളതെന്ന ആക്ഷേപമുണ്ട്. മൂന്ന് വർഷം മുൻപ് നഗരസഭ ഇവിടെ റോഡ് നിർമിച്ചതോടെയാണ് വെള്ളം ഒഴിഞ്ഞുപോകാതെ കെട്ടിനിൽക്കാൻ തുടങ്ങിയത്. അന്നുതന്നെ കളക്ടർക്കും നഗരസഭാ അധികൃതർക്കും പരാതി നൽകിയിട്ടും വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടിയുണ്ടായില്ലെന്നാണ് ആക്ഷേപം.
നഗരസഭയിലെ ആരോഗ്യവിഭാഗം പരിശോധന നടത്തിയെങ്കിലും പിന്നീട് നടപടിയൊന്നുമുണ്ടായില്ല. മലമ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പരിസരം വൃത്തിയായി സൂക്ഷിക്കണമെന്നും കൊതുകിനെ നേരിടാൻ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.