പൊന്നാനി : കടലാക്രമണത്തെ പ്രതിരോധിക്കാൻ അടിയന്തര കടൽഭിത്തി നിർമാണം അവസാനഘട്ടത്തിലേക്ക്. ഈ മാസം അവസാനം പണികൾ തീരും. ജിയോ ബാഗും കരിങ്കൽ ഭിത്തിയും ഉൾപ്പെടെ 352 മീറ്റർ ഭാഗത്താണ് സംരക്ഷണ കവചമൊരുക്കുന്നത്. പൊന്നാനി എംഇഎസ് കോളജിന് പിൻവശം 218 മീറ്റർ നീളത്തിലുള്ള കരിങ്കൽ ഭിത്തി നിർമാണം പുരോഗമിച്ചു വരികയാണ്.
മുഴുവൻ കരിങ്കല്ലുകളും ഇറക്കിക്കഴിഞ്ഞു. ഇൗ മാസം അവസാനത്തോടെ പണികൾ തീർക്കുമെന്നാണ് ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന ഉറപ്പ്. മുല്ല റോഡ് ഭാഗത്ത് 134 മീറ്റർ നീളത്തിൽ ജിയോ ബാഗ് സ്ഥാപിക്കുന്ന പണികൾ അവസാനഘത്തിലേക്കു നീങ്ങി. ഏതാണ്ട് 90% പണികൾ കഴിഞ്ഞു.
രണ്ടാഴ്ചയ്ക്കകം ഈ ഭാഗത്തെ നിർമാണം തീരുമെന്നാണ് വിലയിരുത്തൽ. കരിങ്കൽ ഭിത്തി നിർമിക്കാൻ 65 ലക്ഷം രൂപയും ജിയോ ബാഗിനായി 16 ലക്ഷം രൂപയുമാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. ഇൗ 2 ഭാഗങ്ങളിലെയും നിർമാണത്തിനു പുറമേ, അജ്മീർ നഗറിൽ 84 മീറ്റർ നീളത്തിൽ ജിയോ ബാഗ് നിർമിക്കുന്ന പദ്ധതിയും ഉടൻ തുടങ്ങും.
10 ലക്ഷം രൂപയുടെ നിർമാണത്തിനാണ് അനുമതി ലഭിച്ചിട്ടുള്ളത്. അടുത്തയാഴ്ചയോടെ അജ്മീർ നഗറിൽ നിർമാണം തുടങ്ങാൻ കഴിയുമെന്നാണ് ഇറിഗേഷൻ വകുപ്പ് അധികൃതർ ഉറപ്പ് നൽകുന്നത്. കാലവർഷം കനത്തപ്പോൾ കടൽഭിത്തിയില്ലാത്ത തീരമേഖലയിൽ വൻ നാശനഷ്ടങ്ങളുണ്ടായിരുന്നു. ഇൗ നഷ്ടങ്ങളുടെ പശ്ചാത്തലത്തിലാണ് സർക്കാരിന്റെ അടിയന്തര ഇടപെടലുണ്ടായിരിക്കുന്നത്. താൽക്കാലിക ഭിത്തി നിർമിക്കാൻ പെട്ടെന്നു തന്നെ തുക ലഭ്യമാക്കുകയായിരുന്നു.