എരമംഗലം : ആക്രിപെറുക്കിയും മീൻവിറ്റും ന്യൂസ് പേപ്പറും തേങ്ങയും ശേഖരിച്ചുവിറ്റും പൊറോട്ട, അച്ചാർ, ബിരിയാണി തുടങ്ങിയ ചലഞ്ചുകൾ നടത്തിയും വയനാടിന് കൈത്താങ്ങാകാൻ ഡി.വൈ.എഫ്.ഐ. പൊന്നാനി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വരൂപിച്ചത് 13.69 ലക്ഷം രൂപ. ഉരുൾപൊട്ടലിൽ എല്ലാം തകർന്ന വയനാടിന്റെ വീണ്ടെടുപ്പിനായി ഡി.വൈ.എഫ്.ഐ. നിർമിച്ചുനൽകുന്ന വീടുകൾക്കായുള്ള ‘വീ റീബിൽഡ് വയനാട് ‘ കാമ്പയിനിന്റെ ഭാഗമായാണ് പൊന്നാനി ബ്ലോക്ക് കമ്മിറ്റിക്കു കീഴിലെ 12 മേഖലാ കമ്മിറ്റികളിൽനിന്ന് 13,69,563 രൂപ സമാഹരിച്ചത്. ഈഴുവത്തിരുത്തി മേഖലാ കമ്മിറ്റിയിൽനിന്നാണ് ഏറ്റവും കൂടുതൽ തുകയായ 2,80,175 രൂപ സമാഹരിച്ചത്. മാറഞ്ചേരി മേഖലാ കമ്മിറ്റിയിൽനിന്ന് 34,000 രൂപയാണ് ഏറ്റവും കുറവ്. ബ്ലോക്ക് കമ്മിറ്റി സമാഹരിച്ച തുകയുടെ ചെക്ക് ബ്ലോക്ക് ഭാരവാഹികളായ സുകേഷ് രാജ്, സി.പി. അഭിലാഷ് തുടങ്ങിയവരിൽനിന്ന് സംസ്ഥാന കമ്മിറ്റിയംഗം സ്വീകരിച്ചു.