എടപ്പാൾ: കേസുകൾ ഒത്തുതീർപ്പായതോടെ വട്ടംകുളത്തെ ഓഡിറ്റോറിയം കം ഷോപ്പിങ് നിർമാണം പുനരാരംഭിക്കാൻ വഴി തെളിയുന്നു.കഴിഞ്ഞ എൽഡിഎഫ് ഭരണ സമിതിയുടെ കാലഘട്ടത്തിൽ ആണ് വട്ടംകുളം അങ്ങാടിയിൽ ഓഡിറ്റോറിയം നിർമാണം ആരംഭിച്ചത്.പഞ്ചായത്ത് വിഹിതവും ശേഷിക്കുന്ന തുക വായ്പയും എടുത്താണ് ജോലികൾ തുടങ്ങിയത്. എന്നാൽ നിർമാണം പുരോഗമിക്കവെ നിർമാണ ചുമതലയുണ്ടായിരുന്ന കോസ്റ്റ് ഫോഡ് അധിക തുക കൈപ്പറ്റി എന്ന ആക്ഷേപം വന്നതോടെ ജോലികൾ നിലച്ചു.ഇതിനിടെ യുഡിഎഫ് ഭരണ സമിതി അധികാരത്തിൽ എത്തി. അധികമായി കൈപ്പറ്റിയ തുക തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ഭരണ സമിതി കോടതിയെ സമീപിച്ചു.
ഇതോടെ നിലവിൽ പൂർത്തിയാക്കിയ ജോലികളുടെ എസ്റ്റിമേറ്റ് എടുക്കാൻ ധാരണയായി.ഒടുവിൽ അസിസ്റ്റന്റ് എൻജിനീയറുടെ നേതൃത്വത്തിൽ ഇത്തരം നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് റിപ്പോർട്ട് സമർപ്പിച്ചു.കോടതി എത്താൻ കാലതാമസം നേരിട്ടതോടെ ജോലികൾ വൈകി. ഇതിനിടെയാണ് അധികമായി കൈപ്പറ്റിയ തുക തിരികെ നൽകാൻ കോടതി ഉത്തരവ് വന്നത്.പിന്നീട് കഴിഞ്ഞ ദിവസം കോസ്റ്റ് ഫോഡ് തുക കൈമാറിയതോടെയാണ് വർഷങ്ങൾ നീണ്ടുനിന്ന സാങ്കേതിക തടസ്സങ്ങൾ നീങ്ങിയത്.അടുത്ത ഘട്ടമായി പുതിയ പ്ലാൻ, എസ്റ്റിമേറ്റ്, ഡിപിആർ എന്നിവ തയാറാക്കും.
തുടർന്ന് കെയുആർഡിഎസ്‍സിയിൽ നിന്ന് വായ്പയ്ക്ക് അപേക്ഷ നൽകും.ഇത് ലഭിക്കുന്ന മുറയ്ക്ക് ജോലികൾ ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.എ.നജീബ് അറിയിച്ചു.നിലവിൽ വട്ടംകുളത്ത് വീടുകളിൽ സൗകര്യം ഇല്ലാത്ത നിർധനർക്കും മറ്റും വിവാഹമോ മറ്റു ചടങ്ങുകളെ നടത്താൻ അകലെയുള്ള സ്വകാര്യ ഓഡിറ്റോറിയങ്ങളെ സമീപിക്കേണ്ട അവസ്ഥയാണ്.നിർമാണം പൂർത്തിയാകുന്നതോടെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമാകും.ഇതിനോട് ചേർന്ന ഷോപ്പിങ് കോംപ്ലക്സ് വാടകയ്ക്ക് നൽകുന്നതു വഴി ലഭിക്കുന്ന തുക പഞ്ചായത്തിന് വരുമാന മാർഗവുമാകും.