എടപ്പാൾ : അങ്കണവാടിക്ക് സ്വന്തമായി കെട്ടിടമുണ്ടാകട്ടെയെന്ന് കരുതിയാണ് തെക്കുംമുറിയിലെ സെയ്ദ് മൂന്നു സെന്റ് സ്ഥലം സൗജന്യമായി പഞ്ചായത്തിന് നൽകിയത്. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും കെട്ടിടമുയർന്നില്ല. അങ്കണവാടി പണിയുന്നില്ലെങ്കിൽ ഭൂമി തിരിച്ചുതരണം എന്നാവശ്യപ്പെട്ടെങ്കിലും അധികാരികൾ പ്രതികരിച്ചിട്ടില്ല. എടപ്പാൾ പഞ്ചായത്തിലെ തട്ടാൻപടിയിലാണ് വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടിക്കായി ഇദ്ദേഹം ഭൂമി നൽകിയത്. ആകെയുള്ള പത്തു സെന്റ് വയലിൽ നിന്നാണ് മൂന്നു സെന്റ് ഭൂമി നൽകിയത്.

വയൽപ്രദേശമാണെന്നംഗീകരിച്ചാണ് പഞ്ചായത്ത് ഏറ്റുവാങ്ങിയത്. എന്നാൽ രേഖയിൽ വയലായി കിടക്കുന്നതിനാൽ ഇതിൽ അങ്കണവാടി നിർമിക്കാനാവില്ലെന്നാണ് ഇപ്പോൾ പഞ്ചായത്തിന്റെ നിലപാട്. അങ്കണവാടിയുണ്ടാക്കുന്നില്ലെങ്കിൽ ഭൂമി തിരിച്ചു നൽകണമെന്നും നിർധനരായ ഏതെങ്കിലും കുടുംബത്തിന് വീടുണ്ടാക്കാൻ നൽകാമെന്നും ഇവർ ആവശ്യപ്പെട്ടെങ്കിലും അതു സാധിക്കില്ലെന്ന നിലപാടിലാണ് പഞ്ചായത്തധികാരികൾ.

വയൽ തരംമാറ്റി കരഭൂമിയാക്കാനായി ആർ.ഡി.ഒ.ക്ക് അപേക്ഷ നൽകിയെങ്കിലും ലഭിക്കാത്തതാണ് അങ്കണവാടി നിർമിക്കാൻ തടസ്സമെന്ന് വൈസ് പ്രസിഡന്റ് കെ. പ്രഭാകരൻ പറഞ്ഞു. തന്ന ഭൂമി തിരിച്ചുകൊടുക്കാൻ കഴിയാത്തതിൽ കാർഷിക മേഖലയ്ക്കനുയോജ്യമായ എന്തെങ്കിലും പദ്ധതി ഇതിലാരംഭിക്കാനാവുമോയെന്നാണ് പഞ്ചായത്ത് ആലോചിക്കുന്നുണ്ട്. അങ്കണവാടിക്ക് കെട്ടിടംനിർമിക്കാൻ കരഭൂമി വാങ്ങാനായി പഞ്ചായത്ത് മൂന്നു ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.

Related Post

Leave a Reply

Your email address will not be published. Required fields are marked *