പുറങ്ങ് : കുണ്ടുകടവ് പാലം അടച്ചതോടെ യാത്രാക്ലേശം പരിഹരിക്കാൻ പാലത്തിന്റെ ഇരുവശത്തും ബസുകൾ സർവീസ് ആരംഭിച്ചു. പൊന്നാനി-ഗുരുവായൂർ സംസ്ഥാന പാതയിലെ കുണ്ടുകടവിൽ പുതിയ പാലം നിർമിക്കുന്നതിന്റെ ഭാഗമായി പഴയ പാലം അടച്ചതോടെയാണു പാലത്തിന്റെ ഇരുവശത്തും സ്വകാര്യ ബസുകൾ സർവീസ് തുടങ്ങിയത്. യാത്രക്കാർക്ക് ഇരു കരകളിലേക്കും പാലത്തിലൂടെ നടന്നെത്താൻ അധികൃതർ അനുമതി നൽകിയിട്ടുണ്ട്.
കുന്നംകുളം, ഗുരുവായൂർ ഭാഗത്തുനിന്നു വരുന്നവർ കുണ്ടുകടവിൽ ഇറങ്ങി പാലത്തിലൂടെ നടന്നു പൊന്നാനി കറുകത്തിരുത്തിയിൽ എത്തണം. അവിടെനിന്ന് പൊന്നാനി-എടപ്പാൾ റോഡിലെ കുണ്ടുകടവ് ജംക്‌ഷൻ വരെ ബസ് സർവീസ് ഏർപ്പെടുത്തി. തിരിച്ചു കുണ്ടുകടവ് ജംക്‌ഷൻ മുതൽ കറുകത്തിരുത്തിലേക്കും ബസ് സർവീസുണ്ട്. കറുകത്തിരുത്തിയിൽ നിർത്തിയിടുന്ന ബസ് ആവശ്യത്തിനു യാത്രക്കാർ കയറിയാൽ ജംക്‌ഷനിലേക്കു പുറപ്പെടും. കുണ്ടുകടവിൽനിന്നു കുന്നംകുളം, ഗുരുവായൂർ, മാരമുറ്റം, പഴഞ്ഞി ഭാഗത്തേക്കുള്ള ബസുകൾ പതിവുസമയത്ത് എത്തുകയും പുറപ്പെടുകയും ചെയ്യും.
പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണവുമായി ബന്ധപ്പെട്ടാണ് ഒരു മാസത്തേക്ക് പാലം അടച്ചത്. ബസുകൾക്കു കാഞ്ഞിരമുക്ക് ബിയ്യം പാലം വഴി സർവീസ് നടത്താൻ അധികൃതർ അനുമതി നൽകിയിട്ടുണ്ടെങ്കിലും ഇൗ റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്.