പൊന്നാനി : ഏഴര പതിറ്റാണ്ട് മുൻപ് മഹാത്മാഗാന്ധി വെടിയേറ്റ് മരിച്ച സംഭവം പൊന്നാനിക്കാർ അറിയുന്നത് എ.വി. ഹൈസ്കൂളിലെ വോൾവ് റേഡിയോ വഴിയായിരുന്നു. 1948 ജനുവരി 30-ന് നടന്ന ഗാന്ധിവധത്തെക്കുറിച്ച് സ്വാതന്ത്ര്യസമരസേനാനി കെ.വി. രാമൻ മേനോന് ഒരു കമ്പിസന്ദേശം ലഭിച്ചു. ട്രാൻസിസ്റ്റർ സംവിധാനങ്ങൾ ഇല്ലാത്തകാലം. കെ.വി. രാമൻ മേനോൻ ഉടൻ സ്വാതന്ത്ര്യസമര സേനാനികളെയും കൂട്ടി എ.വി. ഹൈസ്കൂളിലേക്ക് ഓടി. കാരണം അന്ന് വൈദ്യുതിയിൽ പ്രവർത്തിക്കുന്ന വോൾവ് റേഡിയോ ഉണ്ടായിരുന്ന ഏക സ്ഥലമായിരുന്നു എ.വി. ഹൈസ്കൂൾ. ഈ റേഡിയോയിലൂടെയായിരുന്നു ഗാന്ധിജി വെടിയേറ്റുമരിച്ചതിന്റെ പൂർണവിവരങ്ങൾ ജനം ശ്രവിച്ചത്. സംഭവമറിഞ്ഞ് വാർത്ത കേൾക്കാൻ നൂറ് കണക്കിന് ആളുകൾ സ്കൂളിൽ തടിച്ചുകൂടി. 1895-ൽ സ്ഥാപിതമായ എ.വി. ഹൈസ്കൂളിൽ 1938-ന് ശേഷമാണ് അന്നത്തെ പ്രഥമാധ്യാപകനായിരുന്ന കെ. ശേഖരവാരിയർ വോൾവ് റേഡിയോ സ്ഥാപിച്ചത്.
വിദ്യാർഥികൾക്ക് വാർത്തകേൾക്കാൻ വേണ്ടിയായിരുന്നു അത്. ഗാന്ധിവധത്തെക്കുറിച്ചുള്ള വിവരങ്ങൾ അറിഞ്ഞതോടെ ദുഃഖം സഹിക്കാനാവാതെ സ്വാതന്ത്ര്യസമര സേനാനികളുടെ നേതൃത്വത്തിൽ സ്ത്രീകളടക്കമുള്ള ജനങ്ങൾ നിലവിളിച്ച് പൊന്നാനി കടൽക്കരയിലേക്ക് ഓടി. ഗാന്ധിജിയുടെ വിയോഗത്തിന്റെ വേദനയിൽ അന്നവരെല്ലാം കടൽക്കരയിൽ കഴിച്ചുകൂട്ടി. ഗാന്ധിജി കൊല്ലപ്പെട്ടതിന്റെ പന്ത്രണ്ടാം നാൾ അദ്ദേഹത്തിന്റെ ചിതാഭസ്മം ഒഴുക്കിയതും ഭാരതപ്പുഴയിലായിരുന്നു.ആ വോൾവ് റേഡിയോ എ.വി. ഹൈസ്കൂളിലെ ലാബ് റൂമിലായിരുന്നു സ്ഥാപിച്ചിരുന്നത്. ഗാന്ധിവധത്തിനുശേഷം വൈകുന്നേരങ്ങളിൽ വാർത്ത കേൾക്കാൻ ജനങ്ങൾ സ്കൂളിലെത്തുന്നത് പതിവായിരുന്നു. എന്നാൽ കാലപ്പഴക്കത്താൽ ആ വോൾവ് റേഡിയോയും ഓർമ്മകളിലേക്ക് മറഞ്ഞു.