കുറ്റിപ്പുറം : നഗരത്തിലെ കച്ചവടസ്ഥാപനങ്ങളുടെ മുൻപിൽ ഒഴിഞ്ഞു കിടക്കുന്ന പൊതുസ്ഥലങ്ങൾ വാഹനങ്ങളുടെ പാർക്കിങ്ങിനായി ഉപയോഗപ്പെടുത്താൻ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽച്ചേർന്ന ഗതാഗത പരിഷ്കാരകമ്മിറ്റി യോഗം തീരുമാനിച്ചു.ഹോട്ടൽ ഫ്ലവർ സിറ്റി, നെഹൽ ബേക്കറി എന്നിവയുടെ മുൻപിലുള്ള ഒഴിഞ്ഞു കിടക്കുന്ന പൊതു സ്ഥലങ്ങളാണ് വാഹന പാർക്കിങ്ങിനായി ഉപയോഗപ്പെടുത്തുക. മിസ്‌ന വെഡിങ് സെന്ററിന്റെ മുൻവശത്ത് ബസ് സ്റ്റോപ്പ് സ്ഥാപിക്കും.തിരൂർ റോഡിലെ പെട്രോൾപമ്പിന്റെ മുൻവശത്തുള്ള ബസ് സ്റ്റോപ്പ് വടക്കു ഭാഗത്തേക്ക് മാറ്റിസ്ഥാപിക്കും.
എഫ്.സി.ഐ. ഗോഡൗണിനു മുൻപിൽ ലോറികൾ, ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കും. തിരൂർ റോഡിൽനിന്നും ബസ് സ്റ്റാൻഡിലേക്കുള്ള വൺവേ റോഡരികിലെ വാഹന പാർക്കിങ്ങിനെതിരേ നടപടി സ്വീകരിക്കും.നഗരത്തിലെ കാനകൾക്ക് മുകൾവശം െെകയേറി നടത്തുന്ന കച്ചവടങ്ങൾ നിരോധിക്കും.വൺവേ റോഡിലെ തെരുവു വിളക്കുകൾ പ്രവർത്തിപ്പിക്കാനും ഹൈമാസ് ലൈറ്റ് സ്ഥാപിക്കുന്നതിനും തീരുമാനിച്ചു.ബസ് സ്റ്റാൻഡിന്റെ നടുവിലൂടെ സബ് രജിസ്‌ട്രാർ ഓഫീസ് റോഡിലേക്ക് വാഹനങ്ങൾക്കു പോകാൻ ട്രാക്ക് രേഖപ്പെടുത്താൻ തീരുമാനിച്ചു.റെയിൽവേ റോഡിലെ കൈയേറ്റം ഒഴിപ്പിക്കാനും യോഗം തീരുമാനിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് നസീറ പറത്തൊടി അധ്യക്ഷതവഹിച്ചു. സർക്കിൾ ഇൻസ്പെക്ടർ പി.എം.ഷമീർ, വൈസ് പ്രസിഡന്റ് വേലായുധൻ, വില്ലേജ് ഓഫീസർ ബിന്ദു, പി.ഡബ്ല്യു.ഡി. എ. ഇ. ഷംസുദീൻ, ജോ. ആർ.ടി.ഒ. ഷാജു ബക്കർ, അസി. സെക്രട്ടറി എ.എസ്. ജാബിർകുട്ടി,പഞ്ചായത്ത് അംഗങ്ങളായ സി.കെ. ജയകുമാർ, കെ.ടി. സിദ്ദിഖ്, ഫസൽ അലി പൂക്കോയ തങ്ങൾ, വി.പി. അഷ്റഫലി, കെ.ടി. ഹമീദ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.