കുറ്റിപ്പുറം : മഹാകവി ഇടശ്ശേരിക്കു കുറ്റിപ്പുറത്ത് സ്മാരകം നിർമിക്കാനുള്ള നടപടികൾ വേഗത്തിലാക്കി കേരള സാഹിത്യ അക്കാദമി. കുറ്റിപ്പുറം പ‍ഞ്ചായത്തിന്റെ സഹകരണത്തോടെ ദേശീയപാതയോരത്ത് പൊലീസ് സ്റ്റേഷന് സമീപത്തെ 10 സെന്റ് ഭൂമിയിലാണ് സ്മാരക മന്ദിരം ഉയരുക. ഇതിനു മുന്നോടിയായി സാഹിത്യ അക്കാദമി പ്രതിനിധികൾ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തി. സ്മാരക മന്ദിരത്തിനായി പഞ്ചായത്തിനു കീഴിലുള്ള കെട്ടിടം വിട്ടുനിൽകുന്നതിനുള്ള എൻഒസി പഞ്ചായത്ത് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു.

പഞ്ചായത്തിന്റെ പൊലീസ് സ്റ്റേഷനു സമീപത്തുള്ള വായനശാലയും സാംസ്കാരിക നിലയവും സ്ഥിതി ചെയ്യുന്ന കെട്ടിടവും സ്ഥലവുമാണ് ഇടശ്ശേരി സ്മാരകത്തിനായി ഉപയോഗിക്കുക. വായനശാലയടക്കം നിലനിർത്തി സ്മാരകം ഉയർത്തണമെന്നാണ് പഞ്ചായത്ത് ഭരണസമിതി മൂന്നോട്ടുവച്ച പ്രധാന ആവശ്യം. സ്മാരക മന്ദിരം പഞ്ചായത്തിനു കീഴിലാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനങ്ങൾ ഉടൻ ഉണ്ടാകും. ഇടശ്ശേരി ഗോവിന്ദൻ നായരുടെ ജന്മനാടായ കുറ്റിപ്പുറത്ത് അദ്ദേഹത്തിന് ഉചിതമായ സ്മാരകമില്ലെന്നത് വർഷങ്ങളായുള്ള പരാതിയായിരുന്നു.

വനിത സ്വയം സംരഭകർക്കായി ഒന്നര പതിറ്റാണ്ടു മുൻപ് പഞ്ചായത്ത് വാങ്ങിക്കൂട്ടിയ തയ്യൽ മെഷീനുകൾ തുരുമ്പെടുത്തു നശിക്കുന്നു. പഞ്ചായത്തിന് കീഴിലെ സാംസ്കാരിക നിലയത്തിലെ അടച്ചുപൂട്ടിയ മുറിയിലാണ് നാൽപതോളം മെഷീനുകളും കട്ടിങ് ടേബിളുകളും ഉപയോഗശൂന്യമായി കിടക്കുന്നത്. വിതരണം ചെയ്യാതെ കെട്ടിക്കിടന്ന സാമഗ്രികളെക്കുറിച്ച് ചിലർ പരാതി നൽകിയിരുന്നെങ്കിലും ഫലമുണ്ടായില്ല. ഈ കെട്ടിടത്തിലാണ് ഇപ്പോൾ മഹാകവി ഇടശ്ശേരിക്കായി സാഹിത്യ അക്കാദമി സ്മാരക മന്ദിരം നിർമിക്കാൻ പദ്ധതി തയാറാക്കുന്നത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *