എടപ്പാൾ : കൂട്ടത്തോടെ വരുന്ന കാട്ടുപന്നികൾ കൃഷിയിടം കുത്തിമറിക്കുന്നത് പതിവായതോടെ നെൽകൃഷി ചെയ്യാനാവാതെ കർഷകർ.എടപ്പാൾ മേഖലയിലെ പുരമുണ്ടേക്കാട്, ശുകപുരം കുളങ്കര, പോട്ടൂർ, നീലിയാട്, നെല്ലേക്കാട്, കാന്തള്ളൂർ തുടങ്ങിയ പാടശേഖരങ്ങളിലെല്ലാം വലിയതോതിലാണ് പന്നികൾ കൃഷി നശിപ്പിക്കുന്നത്.അതേസമയം പന്നികളെ പിടിക്കാനുള്ള ഉത്തരവാദിത്വമോ ഫണ്ടോ ഇല്ലാത്ത ഗ്രാമപ്പഞ്ചായത്തുകൾ കർഷകരുടെ പ്രശ്‌നങ്ങൾക്ക് മറുപടി പറയേണ്ട അവസ്ഥയിലാണിപ്പോൾ.
മുൻപൊക്കെ ഒന്നോ രണ്ടോ പന്നികളായിരുന്നു വന്നിരുന്നതെങ്കിൽ ഇപ്പോൾ കൂട്ടത്തോടെയാണ് പന്നികളെത്തുന്നത്. ഒരു കണ്ടത്തിൽ എട്ടോ പത്തോ എണ്ണമിറങ്ങിയാൽ ആ വയലിലെ കൃഷി പൂർണമായും നശിക്കുന്ന അവസ്ഥയാണ്.പല കുറ്റിക്കാടുകളിലും പന്നികൾ പെറ്റുപെരുകുകയാണിപ്പോൾ. വയലിലെ ചെളിയിൽനിന്ന് ജീവികളെ പിടിച്ചുതിന്നാനായി ചെളിയൊന്നാകെ കുത്തിമറിക്കുകയാണിവ ചെയ്യുന്നത്. അതോടെ നെൽചെടികളും പറിഞ്ഞ് മണ്ണിനടിയിലാകും. നേരത്തെ ഈ പ്രശ്‌നം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും കൃഷിയാരംഭിക്കുമ്പോഴേക്കും പരിഹരിക്കാമെന്ന് ഉറപ്പുനൽകിയിരുന്നു.ഇതനുസരിച്ച് ഞാറ്റടി തയ്യാറാക്കിയ കർഷകർക്ക് അവ നട്ട് ദിവസങ്ങൾക്കകംതന്നെ ഒന്നാകെ നശിച്ചുപോകുന്നതോടെ പതിനായിരക്കണക്കിന് രൂപയും അധ്വാനവുമാണ് വൃഥാവിലാകുന്നത്. ഉടൻ ഇതിനൊരു പരിഹാരം കാണണമെന്ന് വിവിധ മേഖലകളിലെ കർഷകരായ കെ. സേതുമാധവൻ, കെ. ബാലകൃഷ്ണൻ, എ. സദാനന്ദൻ എന്നിവർ ആവശ്യപ്പെട്ടു.
അതേസമയം പന്നികളെ പിടിക്കാനുള്ള ഫണ്ടോ സംവിധാനമോ ഗ്രാമപ്പഞ്ചായത്തുകൾക്കില്ല. സർക്കാർ ഉത്തരവിൽ പന്നികളെ വെടിവെക്കാനുള്ള ലൈസൻസുള്ള ആളുകളെ കണ്ടെത്താൻ പഞ്ചായത്തുകൾക്കാണ് ചുമതല നൽകിയിട്ടുള്ളത്. ലൈസൻസുള്ള ആളുകളെ കണ്ടെത്തിയാൽ പിന്നെ അവരുടെ എല്ലാ കാര്യങ്ങളും നിർവഹിക്കേണ്ട ചുമതലയും പഞ്ചായത്തുകളിൽ വരികയാണ്. ലൈസൻസുള്ള ആളുകളെ കണ്ടെത്തിയാൽതന്നെ ഒരു തവണ ഇവരെ കൊണ്ടുവരണമെങ്കിൽ അരലക്ഷത്തിലധികം രൂപ ചെലവുണ്ട്.കൃഷി വകുപ്പിനോ മറ്റോ ഇത്തരം കാര്യങ്ങൾക്കുള്ള അധികാരവും സാമ്പത്തികസംവിധാനവും നൽകുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും ഇവർ പറയുന്നു.