തിരൂർ :  ലാഭത്തിലോടിയിരുന്ന ഒരു സർവീസ് കൂടി പിൻവലിച്ചതോടെ തിരൂരിൽനിന്ന് തൃശൂരിലേക്കുള്ള കെഎസ്ആർടിസി സർവീസുകൾ മൂന്നായി ചുരുങ്ങി. പാലാ ഡിപ്പോയുടെ പാലാ – മാനന്തവാടി ഫാസ്റ്റ് പാസഞ്ചർ സർവീസാണ് മുടന്തൻ ന്യായം പറഞ്ഞ് കെഎസ്ആർടിസി പിൻവലിച്ചത്. തിരൂരിൽ നിന്ന് വാടാനപ്പള്ളി വഴി തൃശൂരിലേക്കും തുടർന്ന് പാലായിലേക്കും പോകാനുള്ള സർവീസായിരുന്നു ഇത്. പാലാ മുതൽ കോഴിക്കോട് വരെയും തിരിച്ചും നിറയെ യാത്രക്കാരുമായാണ് ഈ ബസ് ഓടിയിരുന്നത്.

കോഴിക്കോട്ടുനിന്ന് മാനന്തവാടി വരെ പോകുന്ന വഴിയിൽ തിരക്ക് അൽപം കുറവാണെന്നു കാട്ടിയാണ് സർവീസ് റദ്ദാക്കിയത്. കുറ്റ്യാടി വഴിയാണ് ഈ ബസ് മാനന്തവാടിയിലേക്കു പോകുന്നത്. ഇതിനു പകരം കൽപറ്റ വഴിയാക്കിയാൽ മാനന്തവാടി വരെ തിരക്കുണ്ടാകുമെന്നു യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. തിരൂരിനെയും തൃശൂരിനെയും ബന്ധിപ്പിച്ച് 13 കെഎസ്ആർടിസി ബസുകൾ ലാഭകരമായി സർവീസ് നടത്തിയിരുന്നു. എന്നാൽ ഇതിൽ പല ബസുകളും വിവിധ കാരണങ്ങൾ പറഞ്ഞ് പിൻവലിച്ചു.

പെരുമ്പാവൂർ – കോട്ടയം – കോഴിക്കോട് – പെരുമ്പാവൂർ, കൽപറ്റ – മൂന്നാർ, കാസർകോട് – തൃശൂർ, തൃശൂർ – കാസർകോട്, കൊടുങ്ങല്ലൂർ – കോഴിക്കോട് – കൊടുങ്ങല്ലൂർ (2 സർവീസ്), തൃശൂർ – കോഴിക്കോട് – എറണാകുളം (2 സർവീസ്), ഗുരുവായൂർ – കോഴിക്കോട് – തൃശൂർ എന്നിവയാണ് മുൻപ് പല കാരണങ്ങൾ പറഞ്ഞ് സർവീസ് അവസാനിപ്പിച്ച സർവീസുകൾ.പാല/ഈരാറ്റുപേട്ട – കോഴിക്കോട്, വൈക്കം – കോഴിക്കോട്, തൃശൂർ – കോഴിക്കോട് – എറണാകുളം എന്നിവയാണ് ഇനി ശേഷിക്കുന്ന സർവീസുകൾ. തിരൂരിൽനിന്ന് തിരുവനന്തപുരത്തേക്ക് നേരിട്ടുണ്ടായിരുന്ന സർവീസും ചാത്തന്നൂരിലേക്കുണ്ടായിരുന്ന സർവീസും നേരത്തേ നിർത്തിയിരുന്നു.

Related Post

Leave a Reply

Your email address will not be published. Required fields are marked *