ചങ്ങരംകുളം : തിരക്കേറിയ സമയത്ത് ജങ്ഷനിൽ മുന്നറിയിപ്പില്ലാതെ റോഡ് പൊളിക്കുന്നത് വ്യാപാരികളും നാട്ടുകാരും ചേർന്ന് തടഞ്ഞു. ഹൈവേ ജങ്ഷനിൽ നിന്ന് ചങ്ങരംകുളം ബസ് സ്റ്റാൻഡിലേക്ക് പോകുന്ന റോഡാണ് രാവിലെ മുതൽ പൊളിക്കാൻ തുടങ്ങിയത്. ജൽജീവൻ പദ്ധതിയുടെ പുതിയ പൈപ്പിടുന്നതിനാണ് റോഡ് പൊളിക്കുന്നത്.
തിരക്കില്ലാത്ത രാത്രി സമയങ്ങൾ ഇതിനായി തിരഞ്ഞെടുക്കണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാരും വ്യാപാരികളും പ്രതിഷേധവുമായി എത്തിയത്. ഓട്ടോറിക്ഷാ തൊഴിലാളികളും ചുമട്ടു തൊഴിലാളികളും പ്രതിഷേധവുമായി എത്തിയതോടെ പ്രവൃത്തി താത്കാലികമായി നിർത്തിവെച്ചു. ജനങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷ കണക്കിലെടുക്കാതെ പാത പൊളിക്കുന്നത് വലിയ പ്രയാസങ്ങൾ സൃഷ്ടിക്കുമെന്നും തിരക്കില്ലാത്ത സമയങ്ങളിൽ പ്രവൃത്തി ചെയ്യുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കാൻ തയ്യാറാണെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി ചങ്ങരംകുളം യൂണിറ്റ് നേതാക്കൾ പറഞ്ഞു.
റോഡ് പൊളിച്ച് പൂർവ സ്ഥിതിയിലാക്കാതെ മണ്ണിട്ട് മൂടി പോകുന്ന അവസ്ഥ തുടർന്നാൽ പൊതുജനങ്ങളെ സംഘടിപ്പിച്ച് പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും അവർ അറിയിച്ചു. രാത്രികാലങ്ങളിലും ഒഴിവുദിവസങ്ങളിലും പണികൾ നടത്താമെന്ന് അധികൃതർ സമ്മതിച്ചതായി വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ പറഞ്ഞു.