പൊന്നാനി ∙ സംസ്ഥാനത്തെ ഫിഷിങ് ഹാർബറുകളിലെ പുലിമുട്ട് (ബ്രേക്ക് വാട്ടർ) പദ്ധതികളുടെ അളവുതൂക്ക കണക്ക് പരിശോധിക്കുന്ന സോഫ്റ്റ്‌വെയറിൽ ക്രമക്കേടും സുരക്ഷാ വീഴ്ചയുമെന്ന് ആരോപണം. മുൻ ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ സ്ഥാപിച്ച സോഫ്റ്റ്‌വെയറിനെതിരെ അതേ ഓഫിസിലെ ജീവനക്കാരനാണ് വിജിലൻസിൽ പരാതി നൽകിയത്. വിജിലൻസ് അന്വേഷണം തുടങ്ങി. മുൻ ചീഫ് എൻജിനീയറും മത്സ്യബന്ധന–തുറമുഖ വകുപ്പ് മുൻ സെക്രട്ടറിയും ഉൾപ്പെടെ 7 ഉന്നത ഉദ്യോഗസ്ഥർക്കെതിരെയാണ് ചീഫ് എൻജിനീയറുടെ ഓഫിസിലെ മുൻ ഓവർസീയറും ഐടി സെൽ ചുമതലക്കാരനുമായിരുന്ന ഉദ്യോഗസ്ഥൻ പരാതി നൽകിയത്.
സംഭവത്തിൽ വിജിലൻസ് കോടതിയും അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് പുലിമുട്ട് നിർമാണത്തിനായി കൊണ്ടുവരുന്ന കരിങ്കല്ലിന്റെ തൂക്കത്തിൽ കൃത്രിമം കാണിച്ച് ഉന്നത ഉദ്യോഗസ്ഥർ തട്ടിപ്പു നടത്തുന്നുവെന്നാണ് ആരോപണം. തൂക്കം അളക്കുന്ന വേയ്ബ്രിജിൽ സ്വകാര്യ ഏജൻസിയെക്കൊണ്ട് സ്ഥാപിച്ച ട്രിപ്സ് സോഫ്റ്റ്‌വെയറിലൂടെയാണു തട്ടിപ്പ്. പരപ്പനങ്ങാടി ഉൾപ്പെടെ സംസ്ഥാനത്തെ 12 ഹാർബറുകളിൽ തട്ടിപ്പ് നടന്നുവെന്നാണ് ആരോപണം. പുലിമുട്ടുകളുടെ നിർമാണത്തിനായി കൊണ്ടുവരുന്ന കരിങ്കൽ ലോറി വേയ്ബ്രിജിൽ തൂക്കുമ്പോൾ ട്രിപ്സ് സോഫ്റ്റ്‌വെയറിലാണു തൂക്കം രേഖപ്പെടുത്തുക. അളവ് എഡിറ്റ് ചെയ്യാനാകാത്ത വിധം ലോക്ക് ചെയ്യണമെന്നാണ് കർശന നിബന്ധന.