പൊന്നാനി: ഇൗ മാസവും റോഡ് നവീകരണം തീരില്ല. നഗരസഭയ്ക്കു പുല്ലുവില പോലും നൽകാതെ ഉദ്യോഗസ്ഥരും കരാറുകാരും. പൊന്നാനിയിലെ തകർന്നടിഞ്ഞ റോഡുകൾ ഇൗ മാസം 15ന് പണി പൂർത്തിയാക്കുമെന്നാണു നഗരസഭയ്ക്ക് ഉദ്യോഗസ്ഥർ നൽകിയിരുന്ന ഉറപ്പ്. പിന്നെയത് 30ന് അകം പൂർത്തിയാക്കുമെന്നായി. ഇപ്പോഴിതാ പറയുന്നു– ‘പണി തീർക്കാൻ ഇനിയും സമയം വേണം’. നഗരസഭ കഴിഞ്ഞ മാസം വിളിച്ചുചേർത്ത ഉദ്യോഗസ്ഥ യോഗത്തിലാണ് ഒക്ടോബർ 15ന് അകം റോഡ് നവീകരണം പൂർത്തിയാക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പു നൽകിയിരുന്നത്.

ഉദ്യോഗസ്ഥരുടെ വാക്കു വിശ്വസിച്ചു ജനങ്ങൾക്ക് ഉറപ്പു നൽകിയ നഗരസഭാ ഭരണസമിതി ഇപ്പോൾ കൈമലർത്തുകയാണ്. പറഞ്ഞ സമയത്തു പണി തീർത്തില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നു പറഞ്ഞ നഗരസഭാധ്യക്ഷനും നിലപാടു തണുപ്പിച്ച മട്ടാണ്. അമൃത് ശുദ്ധജല പദ്ധതിയുടെ ഭാഗമായി പൈപ്പ് സ്ഥാപിക്കുന്നതിനായി പൊളിച്ച പൊന്നാനിയിലെ റോഡുകളൊന്നും നവീകരിച്ചിട്ടില്ല. ദിവസവും അപകടങ്ങൾ പെരുകുന്ന അവസ്ഥയാണ്. തകർന്ന റോഡിൽ ദിവസങ്ങൾക്ക് മുൻപ് ഇരുചക്ര വാഹനം അപകടത്തിൽപെട്ടു വിദ്യാർഥിയുടെ ജീവൻ പൊലിഞ്ഞിരുന്നു. തകർന്ന റോഡുകൾ നവീകരിക്കാത്തതിനെതിരെ കനത്ത പ്രതിഷേധമാണുള്ളത്.

ഇന്ന് പ്രതിഷേധം പൊന്നാനിയിൽ തകർന്ന റോഡുകൾ നവീകരിക്കാത്തതിൽ പ്രതിഷേധിച്ച് ചേംബർ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധം. കനത്ത യാത്രാദുരിതത്തിനു പുറമേ വ്യാപാര സ്ഥാപനങ്ങളുടെ നിലനിൽപിനെവരെ റോഡിന്റെ തകർച്ച ബാധിച്ചു കഴിഞ്ഞു. അധികൃതരുടെ തുടർച്ചയായുള്ള ഉറപ്പുകൾ പാഴായിപ്പോയതോടെയാണു സമരവുമായി രംഗത്തിറങ്ങാൻ തീരുമാനിച്ചതെന്നു ജനറൽ സെക്രട്ടറി ടി.വി.സുബൈർ, സി.ജെ.ഡേവി, എ.കുഞ്ഞി മുഹമ്മദ്, ടി.പി.ഒ.മുജീബ് എന്നിവർ അറിയിച്ചു.

“നഗരസഭയിൽ 41, 42 വാർഡുകളിലെ റോഡ് നവീകരണം പൂർത്തിയാക്കിക്കഴിഞ്ഞു. 43–ാം വാർഡിൽ നവീകരണം തുടങ്ങി. മീൻതെരുവ് റോഡ്, തീപ്പെട്ടി കമ്പനി റോഡ്, ലൈറ്റ് ഹൗസ് റോഡ്, മരക്കടവ്, മുക്കാടി, ബീച്ച് റോഡ്, ആനപ്പടി അങ്കണവാടി റോഡ്, മുല്ല റോഡ്, പുതുപൊന്നാനി ബീച്ച് റോഡ് എന്നിവിടങ്ങളിലാണു നിർമാണം നടക്കാനുള്ളത്. ഇതെല്ലാം ഉടൻ പൂർത്തിയാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ചന്തപ്പടി മുതൽ പൊന്നാനി ബസ് സ്റ്റാൻഡ് വരെയുള്ള റോഡിൽ മരാമത്ത് വകുപ്പ് എൻഎച്ച് വിഭാഗമാണു പണി നടത്തുന്നത്. ഇൗ ഭാഗങ്ങളിൽ മഴ മാറിക്കഴിഞ്ഞാലുടൻ പണി നടക്കും. ഡിസംബർ 31ന് അകം പൊന്നാനിയിലെ റോഡ് നവീകരണം പൂർത്തിയാകും.” ശിവദാസ് ആറ്റുപുറം (പൊന്നാനി നഗരസഭാധ്യക്ഷൻ)

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *