പൊന്നാനി: തീരദേശത്തെ കൃഷിടിങ്ങൾക്ക് സമൃദ്ധിതിയുടെ കാലം വരുന്നു.. ഭാരതപ്പുഴയിലെ ജലം ബിയ്യം കയാലിലെത്തിക്കുന്നതിനുള്ള പുഴ–കായൽ സംയോജന പദ്ധതിക്ക് നബാർഡ് 36 കോടി രൂപ അനുവദിച്ചു. കർഷകർക്ക് വലിയ പ്രതീക്ഷ നൽകിയാണ് പദ്ധതിക്ക് ഫണ്ട് ലഭ്യമായിരിക്കുന്നത്. സർക്കാർ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചു കഴിഞ്ഞാൽ ടെൻഡർ നടപടികളിലേക്കു കടക്കാവുന്നതാണ്. പദ്ധതി തയാറാക്കിയിട്ട് മാസങ്ങളായെങ്കിലും തുടർ നടപടികൾ മന്ദഗതിയിലായിരുന്നു. ഇതിനിടയിലാണ് പദ്ധതിക്കായി നബാർഡിന്റെ അനുമതി ലഭിച്ചിരിക്കുന്നത്. ഭാരതപ്പുഴയിൽ നേഡറ്റ് ഭാഗത്തു നിന്നും അതളൂർ വഴി ചെറിയ തോടിലൂടെ ബിയ്യം കായലിലേക്കു വെള്ളമെത്തിക്കാമെന്നാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇതിനായി നേഡറ്റ് മുതൽ അതളൂർ വരെ വലിയ ശുദ്ധജല പൈപ്പ് സ്ഥാപിക്കും. ഇൗ പൈപ്പ് നേരെ ചെറിയ തോടുമായി ബന്ധിപ്പിക്കും.
ചെറിയ തോട് നവീകരിച്ച് ഇരുഭാഗത്തും സംരക്ഷണ ഭിത്തി കെട്ടി നീരൊഴുക്ക് വേഗത്തിലാക്കും. ഭാരതപ്പുഴയിലെ ജലം അതിവേഗം ബിയ്യം കായലിലേക്ക് എത്തിക്കാൻ കഴിഞ്ഞാൽ ഇൗ മേഖലയിലുള്ള ഏക്കർ കണക്കിന് കൃഷിയിടങ്ങൾ ജല സമൃദ്ധമാകും. നിലവിൽ വേനലെത്തും മുൻപേ വറ്റി വരളുന്ന കൃഷിയിടങ്ങളിൽ വൻ നാശനഷ്ടങ്ങളാണ് സംഭവിക്കുന്നത്. നെൽപാടങ്ങളിൽ വർഷങ്ങളായി ദുരിതം നേരിടുന്ന കർഷകരുണ്ട്. പതിറ്റാണ്ടുകളായി ഇൗ സംയോജന പദ്ധതിക്കായി കർഷകർ ആവശ്യമുന്നയിച്ച് രംഗത്ത് വന്നിട്ട്. പക്ഷേ, നടപടിക്രമങ്ങൾക്കെല്ലാം ഒച്ചിന്റെ വേഗം പോലുമുണ്ടായിരുന്നില്ല. ബിയ്യം കായൽ – ഭാരതപ്പുഴ സംയോജനത്തിന്റെ മർമകേന്ദ്രം ചമ്രവട്ടം റഗുലേറ്റർ കം ബ്രിജ് പദ്ധതിയായിരുന്നു. റഗുലേറ്ററിൽ സംഭരിച്ചു നിർത്തുന്ന ജലം കായലിലേക്ക് കൊണ്ടുപോകാമെന്നതായിരുന്നു കണക്കുകൂട്ടൽ. റഗുലേറ്ററിന്റെ പുനർനിർമാണം അലക്ഷ്യമായി നീണ്ടു പോകുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. ചമ്രവട്ടം പദ്ധതി പൂർണതയിലെത്തിയില്ലെങ്കിൽ 36 കോടി രൂപ ചെലവഴിച്ചു നടപ്പാക്കുന്ന പുഴ–കായൽ സംയോജന പദ്ധതി അവതാളത്തിലാകുമെന്ന ആശങ്കയും കർഷകർ പങ്കുവയ്ക്കുന്നുണ്ട്.