കുറ്റിപ്പുറം : ഒന്നര പതിറ്റാണ്ടുമുൻപ് സംസ്ഥാന സർക്കാർ ശബരിമല ഇടത്താവളമായി പ്രഖ്യാപിച്ച കുറ്റിപ്പുറം മിനിപമ്പയ്ക്ക് ഈ വർഷം മുതൽ ആ പദവി നഷ്ടം. നാളെ ആരംഭിക്കുന്ന മണ്ഡലകാല തീർഥാടനത്തിനായി പ്രത്യേകിച്ചൊരു സൗകര്യവും മിനിപമ്പയിൽ ഒരുക്കേണ്ടതില്ലെന്നാണു നിർദേശം. ഇടത്താവള പദവി നഷ്ടമായതറിയാതെ ഇന്നുമുതൽ മിനിപമ്പയിൽ എത്തുന്ന ഇതര സംസ്ഥാന തീർഥാടകർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒന്നും ലഭ്യമാകില്ല.3 പതിറ്റാണ്ടിലേറെയായി ആയിരക്കണക്കിന് തീർഥാടകർ എത്തിയിരുന്ന മലബാറിലെ പ്രസിദ്ധമായ ഇടത്താളത്തിനാണ് ആ പദവി നഷ്ടമാകുന്നത്. ആറുവരിപ്പാത വരുന്നതോടെ വാഹന പാർക്കിങ് സൗകര്യം ഉണ്ടാകില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് മിനിപമ്പയെ ഇടത്താവള പട്ടികയിൽനിന്നു പുറത്താക്കുന്നത്. തീർഥാടകരുടെ ഒഴുക്ക് വർധിച്ചതിനെ തുടർന്ന് ഒന്നര പതിറ്റാണ്ടുമുൻപാണ് മിനിപമ്പയ്ക്ക് സർക്കാർ ശബരിമലയുടെ ഇടത്താവള പദവി നൽകിയത്. അന്ന് സ്ഥലം സന്ദർശിച്ച ദേവസ്വം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയാണ് ഇടത്താവള പദവി നൽകാൻ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവിറക്കിയതോടെ ഓരോ തീർഥാടനകാലത്തും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ 10 ലക്ഷം രൂപവരെ അനുവദിച്ചിരുന്നു. മണ്ഡല–മകരമാസക്കാലത്ത് 24 മണിക്കൂർ സമയവും പൊലീസ്, അഗ്നിരക്ഷാസേന, ആരോഗ്യവകുപ്പ് തുടങ്ങി വിവിധ വിഭാഗങ്ങളുടെ സേവനം ലഭ്യമാക്കിയിരുന്നു. ട്രാഫിക് നിയന്ത്രണത്തിന് മലപ്പുറം എംഎസ്പിയിൽ നിന്നാണ് കൂടുതൽ പൊലീസിനെ എത്തിച്ചിരുന്നത്.
തുടർ വർഷങ്ങളിൽ ടൂറിസം വകുപ്പിൽ നിന്നുള്ള തുകയും എംഎൽഎ ഫണ്ടും ഉപയോഗിച്ച് ഷവർബാത്ത് സംവിധാനം, ശുചിമുറി സംവിധാനം, ഓപ്പൺ ഓഡിറ്റോറിയം, വ്യൂപോയിന്റ്, കുളിക്കടവുകൾ എന്നിവ ഒരുക്കി. എന്നാൽ കോവിഡിനു ശേഷം മിനിപമ്പയെ അധികൃതർ അവഗണിക്കുകയായിരുന്നു. തീർഥാടനകാലത്ത് മിനിപമ്പയിൽ സൗകര്യങ്ങൾ ഒരുക്കുന്നതിനായി ചെലവഴിക്കുന്ന തുക സർക്കാരിൽനിന്ന് ലഭിക്കാതായോടെയാണ് ജില്ലാ ഭരണകൂടം പിൻമാറിയതെന്നു പറയുന്നു. കഴിഞ്ഞ 4 വർഷമായി മിനിപമ്പയിൽ ജില്ലാ ഭരണകൂടം ഒരു സൗകര്യവും ഒരുക്കിട്ടില്ല. കഴിഞ്ഞ വർഷം തവനൂർ പഞ്ചായത്താണ് തീർഥാടകർക്ക് വിരിവയ്ക്കാനുള്ള പന്തൽ ഒരുക്കിയത്. ഈ വർഷം ഇതും ഉണ്ടാകില്ലെന്നാണു സൂചന. മിനിപമ്പയിൽ ലക്ഷങ്ങൾ ചെലവിട്ട് ബ്ലോക്ക് പഞ്ചായത്ത് സ്ഥാപിച്ച വാട്ടർ എടിഎം അടക്കം ഉപയോഗയോഗ്യമല്ലാത്ത സ്ഥിതിയിലാണ്. മിനിപമ്പയിൽ ശബരിമല തീർഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാത്ത അധികൃതരുടെ നടപടിക്കെതിരെ യുഡിഎഫിന്റെ നേതൃത്വത്തിൽ മിനിപമ്പ ജംക‌്ഷനിൽ പ്രതിഷേധം സംഗമം നടത്തി. സംസ്ഥാന സർക്കാരിനൊപ്പം തദ്ദേശ സ്ഥാപനങ്ങളും മിനിപമ്പയെ അവഗണിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി. സുരേഷ് പൊൽപാക്കര ഉദ്ഘാടനം ചെയ്തു. പി.ഹരീന്ദ്രൻ അധ്യക്ഷത വഹിച്ചു.