എരമംഗലം : വെളിയങ്കോട് പഞ്ചായത്തിലെ പൂക്കൈതക്കടവ് നിവാസികളുടെയും പൊന്നാനി നഗരസഭയിലെ കടവനാട് നിവാസികളുടെയും ഏറെക്കാലമായുള്ള സ്വപ്‌ന പദ്ധതികൂടി യാഥാർഥ്യമാവുന്നു.പൂക്കൈതക്കടവ് പാലം പദ്ധതിയുടെ ഭാഗമായി പാലത്തിനും അനുബന്ധമായുള്ള സമീപനറോഡുകൾക്കും ഭൂമി ഏറ്റെടുക്കുന്നതിന് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. പൊന്നാനി നഗരം, വെളിയങ്കോട് വില്ലേജുകളിൽനിന്നായി 0.5415 ഹെക്ടർ (ഒരു ഏക്കർ 33.75 സെന്റ്) ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഇവയിൽ ഒരു കുടുംബത്തെപ്പോലും പുനരധിവസിപ്പിക്കാനില്ലെന്നതിനാൽ ഭൂമി ഏറ്റെടുക്കൽ വേഗത്തിലാവുമെന്നാണു പ്രതീക്ഷ. പൊന്നാനി നഗരം വില്ലേജിൽനിന്ന് 0.2858 ഹെക്ടറും (70.592 സെന്റ്) വെളിയങ്കോട് വില്ലേജിൽനിന്ന് 0.2557 ഹെക്ടറും (63.157 സെന്റ്) ഭൂമിയുമാണ് ഏറ്റെടുക്കാനുള്ളത്. പൂക്കൈതക്കടവ് പാലം സമീപനറോഡുകൾക്കായി ഭൂമി ഏറ്റെടുക്കുന്നതിന് വെളിയങ്കോട്, പൊന്നാനി നഗരം വില്ലേജുകളിൽ പുറമ്പോക്ക് ഭൂമി ഉണ്ടായിട്ടും ഒരുഭാഗത്തേക്ക് വ്യക്തികളുടെ ഭൂമിയിലേക്ക് അളവ് മനഃപൂർവം നീട്ടിയെന്ന ആക്ഷേപമുണ്ട്. പൊന്നുംവില നൽകി ഭൂമി ഏറ്റെടുക്കാനാണ് സർക്കാർ തീരുമാനം. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ടു ന്യായമായ നഷ്‌ടപരിഹാരം ഉറപ്പാക്കും.
പൂക്കൈതക്കടവ് പാലം പദ്ധതിക്കായി 20 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. മണ്ണു പരിശോധന ഉൾപ്പെടെയുള്ളവ നേരത്തെ പൂർത്തിയായിരുന്നു. പാലത്തിന് 12 മീറ്റർ വീതിയും റോഡിന് ഓവുചാൽ ഉൾപ്പെടെ 11 മീറ്റർ വീതിയും സർവീസ് റോഡിന് 2.5 മീറ്റർ വീതിയുമാണ് നിർദേശിച്ചിരിക്കുന്നത്. പാലത്തിന്റെ സമീപന റോഡുകൾക്ക് വെളിയങ്കോട് വില്ലേജ് പരിധിയിൽ 50 മീറ്ററും പൊന്നാനി നഗരം വില്ലേജ് പരിധിയിൽ 40 മീറ്ററും നീളമുണ്ടാകും.കനോലി കനാൽ, പൂക്കൈതപ്പുഴ എന്നിവയുമായി ബന്ധപ്പെട്ടു കിടക്കുന്ന ഈ പാലം യാഥാർഥ്യമാവുന്നതോടെ പൊന്നാനിയിലേക്കും തിരിച്ചു വെളിയങ്കോട്, മാറഞ്ചേരി എന്നിവിടങ്ങളിലേക്കും അഞ്ച് കിലോമീറ്റർ ദൂരം കുറയും.പൊന്നാനി കടവനാട്, വെളിയങ്കോട് താവളക്കുളം, പൂക്കൈതക്കടവ്, മാറഞ്ചേരി പുറങ്ങ്, മാരാമുറ്റം എന്നിവിടങ്ങളിലുള്ളവർക്ക് പഠനത്തിനായി പാലത്തിന്റെ ഇരുകരകളിലുമായുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ എളുപ്പത്തിൽ ആശ്രയിക്കാനാവും.