കുറ്റിപ്പുറം : ഗവ. താലൂക്ക് ആശുപത്രിക്കായി നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമാണം പുരോഗമിക്കുന്നു. 17.85 കോടിയാണ് നിർമാണത്തിന് അനുവദിച്ചിരിക്കുന്നത്.പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ആരോഗ്യവകുപ്പിന് നൽകിയ ശുപാർശ അംഗീകരിച്ച് നബാർഡ്-ആർ-ഐ.ഡി.എഫ്. പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 4,419 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള കെട്ടിടംനിർമിക്കാൻ ഫണ്ട് അനുവദിച്ചത്. എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽനിന്ന് നേരത്തേ അനുവദിച്ച 50 ലക്ഷവും ബജറ്റിൽ വകയിരുത്തി അനുവദിച്ച 40 ലക്ഷവും ഉപയോഗിച്ചാണ് പുതിയ കെട്ടിടത്തിന്റെ പ്രാരംഭ പ്രവൃത്തികൾ നേരത്തേ ആരംഭിച്ചത്.നാല് നിലകളിലുള്ള കെട്ടിടമാണ് നിർമ്മിക്കുന്നത്.നിർമാണം പൂർത്തിയായാൽ നിലവിൽ ഓഫീസ് ഉൾപ്പടെയുള്ളവ പ്രവർത്തിക്കുന്ന പഴയകെട്ടിടം പൂർണമായും പൊളിച്ചുനീക്കും.ഇതോടെ പുതിയ കെട്ടിടത്തിന്റെ മുൻവശത്ത് ധാരാളം ഒഴിഞ്ഞ സ്ഥലം ലഭിക്കുന്നത് രോഗികളുമായി വരുന്ന വാഹനങ്ങൾ നിർത്തിയിടാൻ ഉപകരിക്കും. എം.എൽ.എയുടെ നിയോജകമണ്ഡലം ആസ്തിവികസന ഫണ്ടിൽനിന്ന് 50 ലക്ഷം രൂപ ഉപയോഗിച്ച് നിർമിക്കുന്ന ഫിസിയോ തെറാപ്പി-എക്സറേ യൂണിറ്റ് കെട്ടിടത്തിന്റെ പണി അവസാനഘട്ടത്തിലെത്തിയിരിക്കുകയാണ്.നിർമാണത്തിലിരിക്കുന്ന പുതിയ കെട്ടിടത്തിന്റെ പിറകിലാണ് ഫിസിയോ തെറാപ്പി-എക്സറേ യൂണിറ്റ് കെട്ടിടം നിർമിക്കുന്നത്.