എടപ്പാൾ : ലക്ഷങ്ങൾ ചെലവാക്കി നിർമിച്ച് ചുരുങ്ങിയകാലം മാത്രം പ്രവർത്തിച്ച കണ്ടനകത്തെ കെ.എസ്.ആർ.ടി.സി. സ്റ്റേഷൻമാസ്റ്റർ ഓഫീസ് വീണ്ടും അടച്ചു.ജീവനക്കാരെ കുറയ്ക്കുന്നതിനും ചെലവുചുരുക്കുന്നതിനുമായി ഒരിക്കൽ അടച്ചശേഷം കഴിഞ്ഞ ജൂണിൽ തുറന്ന ഓഫീസാണ് വീണ്ടും അടച്ചത്. കോഴിക്കോടിനും തൃശ്ശൂരിനുമിടയിൽ കെ.എസ്.ആർ.ടി.സി.ക്കുണ്ടായിരുന്ന ഏക ആസ്ഥാനംകൂടിയാണിത്.കെ.ടി. ജലീൽ എം.എൽ.എ. അനുവദിച്ച 25 ലക്ഷം രൂപ ചെലവാക്കിയാണ് ഷീറ്റുമേഞ്ഞ കെട്ടിടമുണ്ടാക്കി എസ്.എം. ഓഫീസ് ആരംഭിച്ചത്. വളാഞ്ചേരിയിലെ ഓഫീസ് നിർത്തലാക്കിയാണ് ഇവിടെ തുടങ്ങിയത്. ഇപ്പോൾ രണ്ടിടത്തുമില്ലാത്ത അവസ്ഥയായി.

ദീർഘദൂര ബസുകളുടെ ടിക്കറ്റ് റിസർവേഷനടക്കമുള്ള സൗകര്യങ്ങളും ഇവിടെയുണ്ടായിരുന്നു. ചെയിൻ സർവീസടക്കമുള്ളവ ഓപ്പറേറ്റ് ചെയ്യാനുള്ള സൗകര്യമേർപ്പെടുത്തുമെന്നും അധികാരികൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതൊന്നും പ്രാവർത്തികമായില്ലെന്നു മാത്രമല്ല ഏതാനും മാസങ്ങളുടെ പ്രവർത്തനത്തിനുശേഷം സ്ഥാപനം പൂട്ടി. കെ.എസ്.ആർ.ടി.സി. ബസുകൾ ഇവിടെ സമയം രേഖപ്പെടുത്തുന്നതോടൊപ്പം ദീർഘദൂര ബസുകളിലെ യാത്രക്കാർക്ക് പ്രാഥമികകാര്യങ്ങൾക്കും കാന്റീനിൽനിന്ന് ഭക്ഷണം കഴിക്കാനും സൗകര്യമുണ്ടായിരുന്നു.തിങ്കളാഴ്ച പ്രതിഷേധംകോഴിക്കോട്-തൃശ്ശൂർ പാതയിൽ കോർപ്പറേഷനുണ്ടായിരുന്ന ഏക ഓഫീസ് പൂട്ടിയതിനെതിരേ നേരത്തേ പെൻഷനേഴ്‌സ് യൂണിയനും മുസ്‌ലിംലീഗുമെല്ലാം പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി യു.ഡി.എഫ്. തിങ്കളാഴ്ച കണ്ടനകത്ത് പ്രതിഷേധക്കൂട്ടായ്‌മ നടത്താനും തീരുമാനിച്ചിട്ടുണ്ട്.ഓഫീസ്‌ കൂടുതൽ വിപുലീകരിക്കുന്നതിനു പകരം പൂട്ടിപ്പോകുന്ന അധികാരികളുടെ നിലപാട് അംഗീകരിക്കില്ലെന്നും വിജയംവരെ സമരം ചെയ്യുമെന്നും നേതാക്കൾ പറഞ്ഞു.

Related Post

Leave a Reply

Your email address will not be published. Required fields are marked *