ചങ്ങരംകുളം : കൃഷിഭവൻ മുഖേന കർഷകർക്കു ലഭിച്ച വിത്ത് മുളയ്ക്കാത്തതിൽ ആശങ്കയുമായി നൂറുകണക്കിനു കർഷകർ. ആലങ്കോട്-നന്നംമുക്ക് പഞ്ചായത്തിലെ കോലോത്തുപാടം കോൾപടവിലെ 400 ഏക്കറിലധികം സ്ഥലത്തെ വിത്തുകളാണ് മുളയ്ക്കാതായത്.പഞ്ചായത്ത് ഫണ്ടുപയോഗിച്ച് കെ.എസ്.എസ്.ഡി.എ.യിൽനിന്നാണ് കർഷകർക്കാവശ്യമായ വിത്ത് കൃഷിഭവൻ മുഖേന വിതരണംചെയ്യുന്നത്. എന്നാൽ കെ.എസ്.എസ്.ഡി.എ. വിതരണംചെയ്യുന്ന വിത്തുകൾക്ക് പലപ്പോഴും ഗുണനിലവാരം ഇല്ലെന്നാണ് കർഷകരുടെ ആരോപണം.ഗുണനിലവാരമില്ലാത്ത വിത്തുകളുപയോഗിക്കുന്നത് കൃഷിയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് അവർ പറയുന്നു. അധികാരികൾ വിഷയത്തിൽ ഇടപെട്ട് നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം.ഇത്തവണ കർഷകർക്കു ലഭിച്ച വിത്തുകളിൽ പത്തുശതമാനംപോലും മുളച്ചില്ലെന്നും ഗുണനിലവാരമുള്ള പുതിയ വിത്ത് ലഭ്യമാക്കിയില്ലെങ്കിൽ കൃഷി മുടങ്ങുമെന്നും കോൾപടവ് സെക്രട്ടറി കൂടിയായ വി.വി. കരുണാകരൻ പറഞ്ഞു.