കുറ്റിപ്പുറം : ജില്ലാ ടൂറിസം വകുപ്പിന്റെ അനാസ്ഥകൊണ്ട് കുറ്റിപ്പുറം നിളയോരം പാർക്കിനെ വിനോദസഞ്ചാരികൾ കൈവിടുന്നു. കോടികൾ ചെലവഴിച്ച് പാർക്കിൽ നടപ്പാക്കിയ പല വികസന പദ്ധതികളും നോക്കുകുത്തിയാണ്. പാമ്പ് ശല്യംകൂടി ആയതോടെ നിളയോരം പാർക്കിനെ സഞ്ചാരികൾ കൈയൊഴിയുകയാണ്.2011-ൽ സ്ഥാപിച്ച നിളയോരം പാർക്കിൽ രണ്ടാംഘട്ട നവീകരണ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച കിയോസ്കുകളും കുട്ടികളുടെ ഗെയിം സെന്ററും ഉദ്ഘാടനംകഴിഞ്ഞ് രണ്ടുവർഷം കഴിഞ്ഞിട്ടും അടഞ്ഞുകിടക്കുകയാണ്. 2022 ഓഗസ്ത് 20-നാണ് മന്ത്രി മുഹമ്മദ് റിയാസ് രണ്ടാംഘട്ട നവീകരണത്തിന്റെ ഭാഗമായി നടന്ന പുതിയ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചത്.
ടൂറിസം വകുപ്പ് മൂന്ന് കോടി രൂപ ചെലവഴിച്ചാണ് രണ്ടാംഘട്ട നവീകരണം നടത്തിയത്. വികസനപദ്ധതി പ്രകാരം പൂർത്തീകരിച്ച നാല് കിയോസ്കുകളും ആധുനിക രീതിയിലുള്ള ഗെയിം സെന്ററും പ്രവർത്തിപ്പിക്കുന്നതിന് നിലവിലുള്ള വൈദ്യുതിസംവിധാനം മതിയാവുകയില്ല.ഇവ പ്രവർത്തിപ്പിക്കുന്നതിനായി ഉയർന്ന അളവിൽ വൈദ്യുതി വേണമെന്നതിനാൽ പുതിയ ട്രാൻസ്‍ഫോർമർ സ്ഥാപിക്കേണ്ടതുണ്ട്. ട്രാൻസ്‍ഫോർമർ സ്ഥാപിക്കാൻ 15 ലക്ഷത്തിന്റെ എസ്റ്റിമേറ്റാണ് കെ.എസ്.ഇ.ബി. ആദ്യം നൽകിയത്. സാമഗ്രികളുടെ വില കൂടിയതോടെ ഇപ്പോൾ എസ്റ്റിമേറ്റ് തുക കെ.എസ്.ഇ.ബി. 22 ലക്ഷമാക്കി. പിന്നീട് ഈ വിഷയത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ഭക്ഷണസാധനങ്ങൾ ഉൾപ്പെടെയുള്ളവയുടെ വില്പനയ്ക്കായി സ്ഥാപിച്ച കിയോസ്കുകൾ ഒക്ടോബർ 21-ന് ലേലത്തിന് വെച്ചെങ്കിലും വാടകയും മുൻകൂർതുകയും വലിയസംഖ്യ ആയതിനാൽ ആരും പങ്കെടുത്തില്ല. നാല് കിയോസ്കുകൾക്കുമായി മാസവാടക രണ്ട് ലക്ഷം രൂപയും മുൻകൂർ തുക 12 ലക്ഷവുമാണ് അടയ്ക്കേണ്ടത്.
നിലവിൽ താത്‌കാലികമായി പാർക്കിനകത്ത് പ്രവർത്തിച്ചിരുന്ന കടകളുടെ കരാർ കാലാവധി കഴിഞ്ഞതോടെ കഴിക്കാൻ ഒന്നും കിട്ടാത്ത അവസ്ഥയാണിവിടെ.നിളയോരം പാർക്കിലേക്ക് മുൻപ് കുട്ടികളുമായി നിരവധി കുടുംബങ്ങളെത്തിയിരുന്നു. എന്നാൽ കളിക്കാനുള്ള യന്ത്രങ്ങളെല്ലാം പഴകിയതോടെ പലരും വരാതായി.കുട്ടികളുടെ ഗെയിം സെന്റർ ഉദ്ഘാടനംകഴിഞ്ഞ് രണ്ട് വർഷം കഴിഞ്ഞിട്ടും നടത്തിപ്പിനായി ആരും കരാറെടുത്തിട്ടില്ലാത്തതിനാൽ ഇവിടെ കെട്ടിടം മാത്രമായി നിലനിൽക്കുകയാണ്. വാട്ടർ ഫൗണ്ടനും രണ്ട് വർഷമായി തകരാറിലാണ്.
വാട്ടർ ഫൗണ്ടനിൽ വെള്ളം നിറയ്ക്കാനുള്ള സൗകര്യമോ പുറത്തേക്ക് ഒഴുക്കി കളയുന്നതിനുള്ള സൗകര്യമോ നിർമാണവേളയിൽ ഒരുക്കിയിട്ടില്ല. പ്രവർത്തനം നിലച്ച വാട്ടർ ഫൗണ്ടനിൽ ഇപ്പോൾ മലിനജലം കെട്ടിക്കിടക്കുകയാണ്. വാട്ടർ ഫൗണ്ടൻ പലപ്പോഴും പാമ്പുകളുടെ വിഹാരകേന്ദ്രവുമായി മാറിയിരിക്കുകയുമാണ്.കിയോസ്കുകളും മറ്റും നിർമിച്ചതിന്റെ അവശിഷ്ടങ്ങൾ ഓഫീസിന്റെ പിറകിലെ ചുമരിനോട് ചേർത്ത് കൂട്ടിയിട്ടിട്ട് വർഷങ്ങൾ കഴിഞ്ഞു.ഇതിനകത്തുനിന്ന് ഉഗ്രവിഷമുള്ള പാമ്പുകൾ വരുന്നത് സ്ഥിരം കാഴ്ചയാണ്. നിർമാണത്തിലെ അപാകതകൾകൊണ്ട് പ്രധാന കവാടത്തിന്റെ ഉൾഭാഗം മഴയിൽ ചോർന്നൊലിച്ച് അടർന്നുവീണുകൊണ്ടിരിക്കുകയുമാണ്. അടർന്നുവീണ ഭാഗങ്ങൾ എലികളുടേയും മറ്റും കേന്ദ്രവുമാണ്. ഓഫീസ് മുറി, ജീവനക്കാരുടെ വിശ്രമമുറി, ഫീഡിങ് റൂം എന്നിവയും മഴയിൽ ചോർന്നൊലിക്കുന്ന അവസ്ഥയിലാണ്.രാവിലെ ഒൻപത് മുതൽ രാത്രി എട്ട് വരെ പ്രവർത്തിക്കുന്ന പാർക്കിൽ സന്ധ്യ കഴിഞ്ഞാൽ ഇരുട്ടാണ്.