പൊന്നാനി : മാതൃ ശിശു ആശുപത്രിയിൽ ആവശ്യമായ തസ്തിക സൃഷ്ടിക്കുന്ന കാര്യം സർക്കാർ പരിഗണനയിലാണെന്ന് മന്ത്രി വീണാ ജോർജ്. ആശുപത്രി സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
തസ്തിക അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഫയൽ ധനകാര്യവകുപ്പിന്റെ പരിഗണനയിലാണ്. ധനകാര്യ വകുപ്പ് അനുമതി നൽകിയാലുടൻ സർക്കാർ ഇക്കാര്യത്തിൽ ഉചിതമായ നടപടി സ്വീകരിക്കും. പൊന്നാനി മാതൃ ശിശു ആശുപത്രി, താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കണമെന്ന് സന്ദർശനത്തിൽ ബോധ്യമായിട്ടുണ്ട്.
ഇക്കാര്യത്തിൽ പി. നന്ദകുമാർ എം.എൽ.എ.യുടെ സാന്നിധ്യത്തിൽ അടുത്തയാഴ്ച അവലോകനയോഗം ചേരും. പൊന്നാനി താലൂക്കാശുപത്രി കെട്ടിട നിർമാണം ഉടൻ പൂർത്തീകരിക്കാൻ കരാറുകാർക്ക് നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു.
പി. നന്ദകുമാർ എം.എൽ.എ, നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം, മറ്റു ഉദ്യോഗസ്ഥർ, രാഷ്ട്രീയ പ്രതിനിധികൾ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.